KSDLIVENEWS

Real news for everyone

പാർട്ടി അംഗത്വത്തിൽ 53 ശതമാനം പുതിയവർ; അംഗങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്ന് സി.പി.എം.

SHARE THIS ON

കാസർകോട്: സംസ്ഥാനത്ത് സി.പി.എം. അംഗങ്ങളിൽ 53 ശതമാനവും പുതിയ പ്രവർത്തകരാണെന്നും അംഗങ്ങളുടെ നിലവാരം ഉറപ്പാക്കണമെന്നും നേതൃത്വം. ബ്രാ‍ഞ്ച് സമ്മേളനങ്ങൾ തുടങ്ങുന്നതിന് തൊട്ടുമുൻപ്‌ നടന്ന ജനറൽബോഡി റിപ്പോർട്ടിങ്ങിലാണ് പഠന സ്‌കൂളിൽ പങ്കെടുത്ത നേതാക്കൾ ഇക്കാര്യം വിശദീകരിക്കുന്നത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിങ്ങിന് പിന്നാലെയാണ് പാർട്ടി സ്‌കൂളും ജനറൽ ബോഡിയും നടന്നത്. സമ്മേളനങ്ങളിൽ ഗൗരവമായ ചർച്ചകൾ ഉണ്ടാകണമെന്ന് പറയുന്ന കൂട്ടത്തിലാണ് അംഗത്വത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുന്നത്. തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലായിരുന്നു ജനറൽ ബോഡി.

അടുത്തകാലത്താണ് അംഗത്വത്തിൽ വലിയ വർധന ഉണ്ടായത്. നേരത്തേ പാർട്ടി അംഗത്വത്തിന് വലിയ കടമ്പകളുണ്ടായിരുന്നു. അനുഭാവി ഗ്രൂപ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാനാർഥി അംഗത്വവും അവിടെയുള്ള പ്രവർത്തനങ്ങൾ നോക്കി മുഴുവൻ സമയ അംഗത്വവും നൽകലായിരുന്നു രീതി. എന്നാൽ ഇപ്പോൾ അത്തരം കടമ്പകൾ കടക്കാതെയാണ് അംഗത്വം നൽകുന്നതെന്ന വിമർശനമാണ് നേതൃത്വം ഉന്നയിക്കുന്നത്. ചില താത്പര്യങ്ങൾക്കായി പാർട്ടിയോട് അടുക്കുന്നവർക്ക് പെട്ടെന്ന് അംഗത്വം ലഭിക്കുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

അനുഭാവി ഗ്രൂപ്പ് യോഗംപോലും പലയിടങ്ങളിലും ചേരുന്നില്ല. ചിലർക്ക് അനുഭാവി ഗ്രൂപ്പിൽ എത്തിയത് പോലും അറിയില്ല. അങ്ങനെയുള്ളവർ മുഴുവൻസമയ അംഗങ്ങളായാലുള്ള സ്ഥിതി പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കോളേജുകളിലുൾപ്പെടെ എസ്.എഫ്.ഐ. പ്രവർത്തനം നടത്തുന്നവരെ അനുഭാവി ഗ്രൂപ്പുകളിൽ ചേർത്ത് സംഘടനാവത്കരിക്കാനുള്ള ശ്രദ്ധയുണ്ടാകണം. പാർട്ടിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് വേഗത്തിൽ അംഗത്വം നൽകുന്ന സ്ഥിതിയുണ്ടാകരുത്. അംഗത്വത്തിന് മാനദണ്ഡങ്ങൾ പാലിച്ചേ മതിയാകൂ എന്നാണ് റിപ്പോർട്ടിങ്ങിലെ കാതലായ വശം.

വീടുകളുമായി ബന്ധം നിലനിർത്തണം

നേരത്തേ ബ്രാഞ്ച്‌ പ്രവർത്തകർ ആ പ്രദേശത്തെ വീടുകളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഇപ്പോൾ വീടുകൾ സന്ദർശിക്കുന്ന പതിവ് കുറഞ്ഞു. ഇത് സാധാരണക്കാരായ ആളുകൾ പാർട്ടിയുമായി അകലുന്നതിന് കാരണമായി. പാർട്ടി നേതൃത്വത്തിൽ നടത്തുന്ന പാലിയേറ്റീവ് പ്രവർത്തനം മികച്ചതെന്ന് പറയാനാകില്ലെന്നും ആളുകൾക്ക് സാന്ത്വനമേകാൻ സമയം മാറ്റിവെച്ചേ മതിയാകൂ എന്നും പറയുന്നു. സ്ത്രീകളാണ് ഇതര സംഘടനകളിൽ പാലിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നത്. സി.പി.എമ്മിന്റെ കാര്യങ്ങൾ വരുമ്പോൾ വനിതകൾ മഹിളാ അസോസിയേഷൻ എന്ന നിലയിൽ മാത്രമാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!