KSDLIVENEWS

Real news for everyone

കേരള വഖഫ് ബോർഡിന് തിരിച്ചടി; എല്ലാ തീരുമാനങ്ങൾക്കും ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണം

SHARE THIS ON

കൊച്ചി: സംസ്ഥാനത്തെ വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബോർഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ബോർഡ് നിർണായകമായ തീരുമാനങ്ങൾ എടുക്കുന്നതിനും വലിയ രീതിയിലുള്ള സാമ്പത്തിക ചെലവുകൾ വരുത്തുന്നതിനും കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വഖഫ് ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും നിയന്ത്രിക്കുന്ന തരത്തിലുള്ളതാണ് കോടതിയുടെ ഈ ഇടപെടൽ.

സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാനോ മുന്നോട്ട് പോകാനോ കഴിയാത്ത സാഹചര്യം ബോർഡിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് വഖഫ് ബോർഡ് പുനസംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

കേന്ദ്ര വഖഫ് നിയമപ്രകാരം മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് പേർ ബോർഡിൽ അംഗങ്ങളായിരിക്കണം എന്ന നിർദ്ദേശം പാലിക്കപ്പെട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഹർജിക്കാർ ഉന്നയിച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ ഇനി വഖഫ് ബോർഡിന് ഒരു പ്രവർത്തിയും ചെയ്യാൻ കഴിയില്ല എന്ന അവസ്ഥയാണിപ്പോൾ ഉള്ളത്.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, വിവിധ ക്രിസ്ത്യൻ സംഘടനകൾ, ഒരു മുസ്ലിം ലീഗ് നേതാവ് എന്നിവർ നൽകിയ മൂന്ന് വ്യത്യസ്ത ഹർജികളിലാണ് കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്. ഇടക്കാല ഉത്തരവിന്റെ പൂർണരൂപം പുറത്തുവരുന്നതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!