നിപ സംശയം; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

മലപ്പുറം: മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്‍റെ സമ്ബര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു.
നേരത്തെ 26 പേരായിരുന്നു സമ്ബര്‍ക്ക പട്ടികയിലുണ്ടായിരുന്നത്. ഇതാണിപ്പോള്‍ 151 ആയി ഉയര്‍ന്നത്. ഇവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇതിനിടെ തിരുവാലി പഞ്ചായത്തില്‍ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരെ പ്രത്യേകം നിരീക്ഷിക്കും. നിപ സംശയത്തെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തില്‍ ഊര്‍ജിതമാക്കി. തിരുവാലി പഞ്ചായത്തില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി.
രാവിലെ തിരുവാലി പഞ്ചായത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളുമാണ് യോഗത്തില്‍ ചർച്ച ചെയ്തത്. അതേസമയം, നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവില്‍ നിന്ന് എത്തിയ വിദ്യാർത്ഥിയായ 23 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം.
വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗളൂരുവില്‍ വിദ്യാർഥിയുമായ 23കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് സ്രവസാമ്ബിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്ബിള്‍ അയച്ചിട്ടുണ്ട്. സ്രവ സാമ്ബിള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ഓഗസ്റ്റ് 23നായിരുന്നു ബംഗളൂരുവില്‍ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവില്‍ വച്ച് കാലിനുണ്ടായ പരിക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാള്‍ക്ക് പനി ബാധിച്ചത്.
ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. നേരത്തെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്ബ്രശ്ശേരിയില്‍ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോള്‍ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്‍റെ വീട്. യുവാവുമായി സമ്ബർക്കത്തില്‍ വന്നവരുടെ പട്ടിക തയ്യാറാക്കുന്നുണ്ട്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

