ഷാര്‍ജയില്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഇനി വിദേശികള്‍ക്കും; പ്രഖ്യാപിച്ച് ഭരണാധികാരി

ഷാർജ: ഷാർജയില്‍ താമസിക്കുന്ന വിദേശികള്‍ക്കും ഇനി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയൊരുക്കി ഭരണാധികാരി. ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.
ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് എമിറേറ്റ്സിലെ എല്ലാ താമസക്കാര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ സ്വദേശികള്‍ക്കും ആശ്രിതര്‍ക്കുമാണ് എമിറേറ്റില്‍ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. 2025 ജനുവരി 1 മുതല്‍ വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാനിരിക്കേയാണ് സുല്‍ത്താന്റെ പുതിയ പ്രഖ്യാപനം. അതിനാല്‍ പുതിയ തീരുമാനം ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസകരമാകുന്നതാണ്.
ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍ ലഭ്യമാക്കുമെന്നാണ് ഷാര്‍ജ ഭരണാധികാരി പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ നാലംഗ കുടുംബത്തിന് ഇന്‍ഷുറന്‍സിന് മാത്രം പ്രതിവര്‍ഷം 15,000 ദിര്‍ഹത്തോളം ചെലവ് വരും. ഇത് സാധാരണക്കാര്‍ക്ക് വലിയ ബാധ്യതയാണ് വരുത്തിവയ്ക്കുക.
എന്നാല്‍ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സാധാരണക്കാരുടെ ചിലവും കുറയുന്നതാണ്. നിലവില്‍ ദുബൈയിലും അബൂദബിയിലും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. മിക്ക കമ്ബനികളും ജീവനക്കാര്‍ക്കും ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കിയിരുന്നുവെങ്കിലും കോവിഡിനു ശേഷം പ്രീമിയം കൂട്ടിയതോടെ കുടുംബാംഗങ്ങളുടെ തുക സ്വന്തമായി നല്കാന് പലരും ജീവനക്കാരോട് നിര്‍ദേശിക്കുകയായിരുന്നു.

