പാലക്കാട് തീ പാറും പോരാട്ടം; ചേലക്കര മാറി ചിന്തിക്കുമോ? വയനാടിന്റെ പ്രിയം ആര് നേടും? ഉപതിരഞ്ഞെടുപ്പിൽ കാത്തിരിക്കുന്നതെന്ത്?

മൂന്ന് മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞിരിക്കുന്നു. യുഡിഎഫും എൽഡിഎഫും ഇതിനൊടകം പ്രചരണ പരിപാടിയിലേക്ക് കടന്നിരുന്നു. ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടന്നിരിക്കുകയാണ്. മൂന്ന് മുന്നണികളും വളരെ വാശിയോടെയാണ് ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്. സംസ്ഥാന സർക്കാരിനെതിരായ വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ് ഫലമെന്നാണ് പ്രതിപക്ഷ വിമർശനം. അതേസമയം വിവാദങ്ങളാൽ നിറഞ്ഞാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. എന്നാൽ പ്രതീക്ഷയോടെയാണ് ഇടതുമുന്നണിയും. ബിജെപിയാകട്ടെ ഉപതെരഞ്ഞെടുപ്പിലൂടെ പാലക്കാട് സീറ്റ് ലക്ഷ്യമിട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനം കൊണ്ട് ഇനി തൃപ്തിപ്പെടാൻ കഴിയില്ലെന്നാണ് ബിജെപിയുടെ വാദം. അതിനാൽ എല്ലാവരും ഉറ്റു നോക്കുന്ന മണ്ഡലമാണ് പാലക്കാട്.
പാലക്കാട്
തുടക്കം മുതൽ സ്ഥാനാർത്ഥികളെ നിർണയിക്കുന്നതിൽ സസ്പെൻസ് നിലനിർത്തിയ മണ്ഡലമാണ് പാലക്കാട്. കോൺഗ്രസിനെ സംബന്ധിച്ച് സീറ്റ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എൽഡിഎഫിലേക്ക് വരുമ്പോൾ പാലക്കാട് തിരിച്ചുപിടിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം. ബിജെപി ഒരു നിയമസഭാംഗത്തെയാണ് പാലക്കാടൻ മണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട സീറ്റിൽ ജയിച്ചുകയറുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് പാലക്കാട് സ്ഥാനാർത്ഥിയായി എത്തിച്ചിരിക്കുന്നത്. പാലക്കാട് കോൺഗ്രസിലെ വിഭാഗീയതകൾ കണക്കിലെടുക്കാതെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ തട്ടിതെറിച്ച് പുറത്തിറങ്ങിയ ഡോ.പി സരിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചാണ് പി സരിൻ ഇടതുപാതയിൽ എത്തിയത്. പാലക്കാട്ടെ പ്രാദേശിക രാഷ്ട്രീയത്തിന് പരിചിതനായ സി കൃഷ്ണകുമാറിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്. ഇത്തവണ ജയത്തിൽ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നതുമില്ല.
പാലക്കാട് സ്ഥാനാർത്ഥികൾ:
LDF- ഡോ. പി സരിൻ
UDF- രാഹുൽ മാങ്കൂട്ടത്തിൽ
BJP- സി കൃഷ്ണകുമാർ
വയനാട്
രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. രാഹുൽ ഗാന്ധി ഒഴിയുമ്പോഴും വയനാട് ദേശീയ രാഷ്ട്രീയ ഭൂപടത്തിൽ നിന്ന് മായുന്നില്ല. പ്രിയങ്കാ ഗാന്ധിയെ എത്തിച്ചാണ് വയനാട് നിലനിർത്താൻ കോൺഗ്രസിന്റെ ശ്രമം. കന്നി അംഗത്തിനാണ് ഒരുങ്ങുന്നതെങ്കിലും പ്രിയങ്കയ്ക്ക് ജയസാധ്യതയുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വത്തോടെ വീണ്ടും ദേശീയ ശ്രദ്ധയിലേക്കെത്തിയിരിക്കുകയാണ് വയനാട്.
വയനാട് പിടിക്കാൻ എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെയായണി. വയനാട്ടിൽ സത്യൻ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. പ്രിയങ്കയെ നേരിടാൻ വനിതാ സ്ഥാനാർത്ഥിയെയാണ് ബിജെപി വയനാട്ടിൽ എത്തിച്ചിരിക്കുന്നത്. നവ്യ ഹരിദാസിലൂടെ താഴെത്തട്ടിലുള്ള നേതാവിനെ വയനാട്ടിൽ മത്സരിപ്പിക്കുക വഴി, സ്ത്രീ വോട്ടുകൾ ബിജെപി ബാങ്കിൽേ എത്തിക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.
വയനാട് സ്ഥാനാർത്ഥികൾ
UDF- പ്രിയങ്കാ ഗന്ധി
LDF- സത്യൻ മൊകേരി
BJP- നവ്യ ഹരിദാസ്
ചേലക്കര
ചേലക്കരയിൽ കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതു കോട്ടയായ ചേലക്കരയിൽ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐഎം കണക്കുകൂട്ടൽ. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം. ആലത്തൂരിലെ തോൽവിയിലുള്ള സഹതാപ തരംഗവും സർക്കാർ വിരുദ്ധ വികാരവും വോട്ടായി മാറുമെന്നാണ് കണക്കുകൂട്ടൽ. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. പാർലമെന്റെ തിരഞ്ഞെടുപ്പിൽ ആലത്തൂരിലുണ്ടാക്കിയ മുന്നേറ്റത്തിന്റെ കരുത്തിലാണ് ബിജെപി ചേലക്കരയിൽ ഇറങ്ങുന്നത്.
ചേലക്കര സ്ഥാനാർത്ഥികൾ
LDF- യു ആർ പ്രദീപ്
UDF- രമ്യ ഹരിദാസ്
BJP- കെ ബാലകൃഷ്ണൻ.

