ബിനോയ് വിശ്വം കണ്ണടച്ചാല്‍
കേരളമാകെ ഇരുട്ടാവില്ല – പി.ഡി.പി.

തൃശൂര്‍: പി.ഡി.പി.യുമായി ഒരു കാലത്തും സിപിഐ രാഷ്ട്രീയധാരണ ഉണ്ടാക്കിയിട്ടില്ലെന്ന സി.പി.ഐ.സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസ്താവന രാഷ്ട്രീയ കേരളം കേട്ട ഏറ്റവും പുതിയ തമാശയാണെന്ന് പി.ഡി.പി.നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 5 മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.ഐ.സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച 4 മണ്ഡലങ്ങളിലും സി.പി.ഐ. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പരസ്യപ്രചാരണം നടത്തിയത് അദ്ദേഹം മറന്നാലും കേരള ജനത മറന്നിട്ടില്ല. ബിനോയ് വിശ്വം കണ്ണടച്ചാല്‍ അദ്ദേഹത്തിന് മാത്രമേ ഇരുട്ടാവുകയുള്ളൂ. ഇന്നലെ അദ്ദേഹം ഈ പ്രസ്താവന നടത്തുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ആരെങ്കിലും ഒരാള്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിക്കാതെ വന്നതുകൊണ്ടാണ് പി.ഡി.പി. നേതൃത്വം പ്രതികരിക്കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. നാല് ലോക്സഭാ മണ്ഡലങ്ങളിലും പി.ഡി.പി.തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തതും അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഫോട്ടോ പതിച്ച സി.പി.ഐ.യുടെ ഇലക്ഷന് കമ്മിറ്റി പ്രിന്റ് ചെയ്ത് തന്ന ലഘുലേഖകള്‍ പ്രകാശനം ചെയ്തതും സി.പിഐ.നേതാക്കളാണ്. ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പി.ഡി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തോടൊപ്പം സജീവമായി ഉണ്ടായിരുന്നു. രാഹുല്‍ഗാന്ധി മത്സരിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ പോലും പി.ഡി.പി. ആനിരാജക്കൊപ്പം നിലകൊണ്ടത് സി.പി.ഐ.യോടുള്ള പ്രത്യേക താല്പര്യം കൊണ്ടല്ല . മറിച്ച് ഇടതുമതേതര ചേരിക്കൊപ്പം നിലകൊള്ളാന്‍ പതിറ്റാണ്ടുകളായി പാര്‍ട്ടിയെടുത്ത രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തിലാണെന്നത് ബിനോയ് വിശ്വം മറന്ന് പോകരുതെന്ന് നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി.
ഇടതുഭരണകൂടം പ്രതിസന്ധിയിലാകുമ്പോള്‍ , ഇടതുമുന്നണി പ്രതിസന്ധിയിലാകുമ്പോള്‍ യു.ഡി.എഫിനോടൊപ്പം ചേര്‍ന്ന് നിന്ന് സിപിഎമ്മിനെ വേട്ടയാടുന്ന രാഷ്ട്രീയ സമീപനം എല്ലാക്കാലത്തും സി.പി.ഐ.സ്വീകരിച്ചിട്ടുണ്ട്. അത് ഇടതുമുന്നണിയിലെ ആഭ്യന്തര പ്രശ്നമാണെന്നതിനാല് മുന്നണിക്ക് പുറത്തുള്ള കക്ഷി എന്ന നിലയില്‍ പി.ഡി.പി. അഭിപ്രായം പറയുന്നില്ല.
പി.ഡി.പി. പലപ്പോഴും മതവര്‍ഗീയ നിലപാട് സ്വീകരിച്ച പാര്‍ട്ടിയാണെന്നുള്ള അദ്ദേഹത്തിന്റെ വിമര്‍ശനത്തില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. 1993 ഏപ്രില്‍ 14 ന് ഡോ.അംബേദ്കര്‍ ജന്മദിനത്തില് രൂപം കൊടുക്കപ്പെട്ട പി.ഡി.പി. കഴിഞ്ഞ 31 വര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും മതവര്‍ഗീയ പ്രവര്‍ത്തനം നടത്തിയതിന് എന്ത് തെളിവാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ് . എന്നാല്‍ ഇടതുമതേതര ചേരിയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് നേതാക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പോലും തൃശൂരിലെ ന്യൂനപക്ഷ സമുദായ വോട്ടുകളെ യു.ഡി.എഫിലേക്ക് ഏകോപിപ്പിച്ച് ബി.ജെ.പി.ക്ക് വിജയിക്കാന്‍ അവസരമുണ്ടാക്കിയപ്പോള്‍, തൃശൂരില്‍ എല്‍ ഡി എഫും ബി.ജെ.പി.യും തമ്മിലാണ് മത്സരമെന്നും മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ബി.ജെ.പി.ക്ക് വിജയസാധ്യത ഒരുക്കരുതെന്നും ദീര്‍ഘവീക്ഷണമുള്ള നിലപാട് സ്വീകരിച്ചതും അതിന് വേണ്ടി പരിശ്രമിച്ചതും പി.ഡി.പി.യാണ്. കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ നിന്ന് മഹാഭൂരിപക്ഷം കൃസ്തീയ വോട്ടുകള്‍ ബി.ജെ.പി.ക്കനുകൂലമായതിലൂടെ കോണ്‍ഗ്രസിന്റെ വോട്ട് കുറഞ്ഞത് മാത്രമല്ല, മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ജയസാധ്യതയുള്ള ഇടതു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഏകീകരിക്കാതെ ഭിന്നിപ്പിക്കാന്‍ കൂടി പലരും ശ്രമിച്ചതിന്റെ ഫലമാണ് തൃശൂരിലെ ബി.ജെ.പി. വിജയം. യു.ഡി.എഫ്. നേതാക്കളായ രമേശ് ചെന്നിത്തല, വി.ഡി.സതീശന്, കെ.മുരളീധരന്, ഇ.ടി.മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രി പിണറായി വിജയന് 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മഅ്ദനിയോടൊപ്പം വേദി പങ്കിട്ട കാര്യം വലിയ വിമര്‍ശനത്തോടെ ഉന്നയിക്കുന്നത് കേള്‍ക്കാനിടയായി. ഇടക്കിടക്ക് ഇത് ഓര്‍മ്മിപ്പിച്ചാല്‍ പിഡിപി യു.ഡി.എഫിനെ പിന്തുണച്ച കാലഘട്ടം ജനങ്ങളില്‍ നിന്ന് മറച്ച് പിടിക്കാമെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ വിഢ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പി. പിന്തുണ തേടി കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനിയെ കാണാന്‍ ക്യൂ നിന്നവരില്‍ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും ഉന്നത നേതാക്കള്‍ എല്ലാവരുമുണ്ടായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ പരസ്യമായ പി.ഡി.പി. പിന്തുണയോടെയാണ് കേരളത്തിലെ എല്ലാ യുഡിഎഫ് നേതാക്കളും വിജയിച്ചത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി 100 സീറ്റ് നേടി യു.ഡി.എഫ് അധികാരത്തിലെത്തുന്നത് പി.ഡി.പി. പിന്തുണയോടെയാണ്. അന്ന് ജയിലിലേക്ക് പിന്തുണ തേടി കൊടുത്തയച്ച യു.ഡി.എഫ്.നേതാക്കളുടെ കത്ത് മഅ്ദനി തന്നെ പൊതുസമൂഹത്തിന് മുന്നില്‍ ഉയര്ത്തിക്കാട്ടിയിട്ടുള്ളതും ഇന്നും സൂക്ഷിച്ച് വച്ചിട്ടുള്ളതുമാണ് . അവരാണ് ഇപ്പോള്‍ പിഡിപി ബന്ധം പറഞ്ഞ് എല്‍ഡിഎഫിനെതിരെ പ്രചരണായുധം ഉപയോഗിക്കുന്നത് എന്നത് വിരോധാഭാസമാണെന്ന് നേതാക്കള്‍ പറഞ്ഞു. തൃശൂര്‍ പ്രസ്ക്ളബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്കുമാര്‍ ആസാദ്, മജീദ് ചേര്‍പ്പ് , ജില്ല പ്രസിഡന്റ് നൗഷാദ് കക്കാട്, ജെന്സണ് ആലപ്പാട്ട്, ഫിറോസ് തോട്ടപ്പടി തുടങ്ങിയവര്‍ പങ്കെടുത്തു.

