ദേശീയപാത വികസനം; നുള്ളിപ്പാടിയിലെ അടിപ്പാത; സമരം കടുപ്പിച്ച് ജനകീയ കൂട്ടായ്മ

കാസർകോട്: ദേശീയപാതയിൽ നുള്ളിപ്പാടിയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടുള്ള സമരം അഞ്ചാം ദിവസത്തിലെത്തുമ്പോൾ മേഖലയിൽ റോഡുപണി നിശ്ചലം. മണ്ണിടാനെത്തിയ നിർമാണ കമ്പനിയുടെ വാഹനത്തെയുൾപ്പെടെ നാട്ടുകാർ തടഞ്ഞു.
നഗരസഭാ ശ്മശാനഭൂമിയിലേക്കുൾപ്പെടെ സഞ്ചാരം നിഷേധിക്കുന്ന തരത്തിലാണ് ഇപ്പോൾ നിർമാണം നടക്കുന്നതെന്നും അവിടെ അടിപ്പാത പണിയാമെന്ന ഉറപ്പ് ലംഘിക്കപ്പെട്ടെന്നും സമരസമിതി പറയുന്നു.
ആദ്യഘട്ടത്തിൽ പുതിയ ബസ്സ്റ്റാൻഡിലൂടെ വരുന്ന ഒറ്റത്തൂൺ മേൽപ്പാലം നുള്ളിപ്പാടി ആയുർവേദ ആസ്പത്രി വരെ നീളത്തിലുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് അത് ചുരുക്കി.
അപ്പോഴും അയ്യപ്പഭജനമന്ദിരത്തിനിപ്പുറം വരെ പാലമുണ്ടാകുമെന്നറിയിച്ചുവെന്നും പാലം പണി തുടങ്ങിയശേഷമാണ് രണ്ട് തൂണുകൾ കുറച്ചുവെന്നത് ശ്രദ്ധയിൽപ്പെടുന്നതെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
നാടിനെ കീറിമുറിച്ചുകൊണ്ടുള്ള നിർമാണം ദ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോഴാണ് നാട്ടുകാർ രാഷ്ട്രീയ ഭേദമന്യേ സംഘടിച്ചത്. പത്ത് മാസം മുൻപാണ് ആദ്യമായി പരസ്യപ്രതിഷേധവുമായി സമരസമിതി രംഗത്തെത്തിയത്.
അന്ന് നടത്തിയ ചർച്ചയിൽ ശ്മശാനത്തിലേക്കും ചെന്നിക്കരയിലേക്കും പോകുന്ന ഭാഗത്ത് അടിപ്പാത നിർമിക്കുന്നതിനുവേണ്ടി കരാർ കമ്പനി സ്ഥലം അടയാളപ്പെടുത്തി. അവിടെ അടിപ്പാതയ്ക്കായി ദേശീയപാതാ അതോറിറ്റിയുടെ അനുമതിക്കുവേണ്ടി ശ്രമിക്കുന്ന ഘട്ടത്തിലാണ് നിർമാണം 90 ശതമാനം പൂർത്തിയായെന്ന തരത്തിൽ കരാറുകാർ റിപ്പോർട്ട് നൽകിയതെന്നും സമരസമിതി പറയുന്നു. ഇനിയും അധികൃതരുടെ വാക്കാലുള്ള ഉറപ്പിൽ വിശ്വാസമില്ലെന്നും അവർ വ്യക്തമാക്കി.
രണ്ടാം ഘട്ട സമരമാരംഭിച്ചശേഷം ജില്ലാ ഭരണകൂടം സമരസമിതിയുമായി ചർച്ചനടത്തിയെങ്കിലും അടിപ്പാതയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് സമരക്കാരുടെ പക്ഷം.
സമരസമിതി ഭാരവാഹികളായ പി. രമേശ്, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ്, എം. ലളിത, ശാരദ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയപാതാ നിർമാണ സ്ഥലത്ത് പന്തലുയർത്തി സമരം ചെയ്യുന്നത്.

