ബംഗാളിൽ ആദ്യമായി ബിജെപി മുഖ്യമന്ത്രി; സുവേന്ദു അധികാരി നാളെ സത്യപ്രതിജ്ഞ ചെയ്യും

കൊൽക്കത്ത∙ ബംഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു. പാർട്ടി യോഗത്തിനുശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണു പാർലമെന്ററി പാർട്ടി നേതാവായി സുവേന്ദുവിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗാളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് മേൽനോട്ടം അമിത് ഷായ്ക്ക് ആയിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെയും സുവേന്ദു അധികാരിയെയും അമിത് ഷാ അഭിനന്ദിച്ചു. അക്രമങ്ങളും ഭീഷണികളും നിറഞ്ഞ സാഹചര്യമായിരുന്നിട്ടും ബംഗാൾ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയിൽ വിശ്വാസമർപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് സുവേന്ദു അധികാരി ഗവർണറെ കണ്ടു.
‘കമ്യൂണിസ്റ്റ് കാലഘട്ടം മുതൽ നിലനിന്നിരുന്ന അന്തരീക്ഷം മമത ബാനർജി കൂടുതൽ വഷളാക്കി. വോട്ട് രേഖപ്പെടുത്തുക എന്നത് ഏതാണ്ട് അസാധ്യമായ ഒന്നായിരുന്നു. ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച് ബംഗാളിലെ ജനങ്ങൾ ഞങ്ങൾക്ക് നൽകിയ ഈ വൻ വിജയത്തിന് അവരോട് നന്ദിയുണ്ട്’–അമിത് ഷാ പറഞ്ഞു.
ബംഗാളിൽ ബിജെപി 207 ബിജെപി സീറ്റുകളിലാണ് വിജയിച്ചത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളിലേ വിജയിക്കാൻ കഴിഞ്ഞുള്ളൂ. ഭവാനിപുരിൽ 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി മമത ബാനർജിയെ പരാജയപ്പെടുത്തിയത്. ഭവാനിപുരിനു പുറമെ നന്ദിഗ്രാം മണ്ഡലത്തിലും അദ്ദേഹം വിജയിച്ചു. നന്ദിഗ്രാമിൽ തൃണമൂൽ കോൺഗ്രസിന്റെ പവിത്ര കർക്കെതിരെ 9,665 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. 2021ലെ തിരഞ്ഞെടുപ്പിലും നന്ദിഗ്രാമിൽ സുവേന്ദു മമതയെ പരാജയപ്പെടുത്തിയിരുന്നു.

