നീലേശ്വരം വെടിക്കെട്ട് അപകടം: ആശ്വാസവാക്കുകളുമായി ജനപ്രതിനിധികൾ

നീലേശ്വരം: നാടിനെ നടുക്കിയ ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവും പരിസരവും മൂന്നാംദിവസവും മോചിതമായില്ല. പടക്കശേഖരത്തിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റവരിലേറെയും കണ്ണൂർ, കാസർകോട് ജില്ലയിലെയും മംഗളൂരുവിലെയും ആസ്പത്രികളിൽ ചികിത്സയിലാണ്.
സർക്കാറിന്റെ ചികിത്സാസഹായ പ്രഖ്യാപനവും മന്ത്രിമാർ, എം.പി., എം.എൽ.എ.മാർ ഉൾപ്പെടയുള്ളവരുടെ സന്ദർശനവും ആസ്പത്രിയിൽ കഴിയുന്നവർക്കും ബന്ധുക്കൾക്കും ആശ്വാസമായിട്ടുണ്ട്.
മൂന്നാംദിവസവും കാവിൽ ആളുകളെത്തി
കളിയാട്ടദിവസം പടക്കശേഖരത്തിൽ തീപിടിച്ചുണ്ടായ അപകടത്തിന്റെ വ്യാപ്തി മാധ്യമങ്ങളിലൂടെ അറിഞ്ഞ് സമീപപ്രദേശങ്ങിൽനിന്നും ഒട്ടേറെയാളുകൾ ബുധനാഴ്ചയും പടക്കം പൊട്ടിത്തെറിച്ച കെട്ടിടവും പരിസരവും കാണാനെത്തി. ഉത്സവങ്ങളിൽ പടക്കം വേണ്ടെന്നും ആ തുക മറ്റ് നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നുമുള്ള അഭിപ്രായം പങ്കുവെച്ചാണ് പലരും മടങ്ങിയത്.
അന്നദാനത്തിനായി ഒരുക്കിയ വിഭവങ്ങൾ കുഴിച്ചുമൂടി
കളിയാട്ട സമാപനദിവസം കളിയാട്ടത്തിന് കാവിലെത്തുന്നവർക്ക് അന്നം വിളമ്പാനായി തിങ്കളാഴ്ച ഒരുക്കിയ വിഭവങ്ങൾ കുഴിച്ചുമൂടി. 6000 പേർക്ക് അന്നം വിളമ്പാനുള്ള കൂട്ടുകറി, സാമ്പാർ, പച്ചടി, അച്ചാർ, വറവിനുള്ള പച്ചപ്പയർ എന്നിവയാണ് ഒരുക്കിവെച്ചത്. അന്വേഷണസംഘം, മന്ത്രി, എം.പി., എം.എൽ.എ. മാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രവർത്തകർ നാട്ടുകാർ, മാധ്യമപ്രവർത്തകർ ഉൾപ്പെടെ വലിയ ആൾക്കൂട്ടം എത്തിയതിനാൽ ചൊവ്വാഴ്ച നീക്കംചെയ്യാനായില്ല.
ബുധനാഴ്ച രാവിലെയാണ് സ്ത്രീകൾ ഉൾപ്പെടെയെത്തി ഇവ കുഴിച്ചുമുടിയത്. തുടർന്ന് പാത്രങ്ങളും ഭക്ഷണശാലയും പരിസരവും ശുചിയാക്കി.
ജനപ്രതിനിധികൾ ആസ്പത്രിയിലെത്തി
കണ്ണൂർ :കണ്ണൂരിലെ ആസ്പത്രികളിൽ ചികിത്സയിലുള്ളവരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ സന്ദർശിച്ചു. മിംസ്, ബേബി മെമ്മോറിയൽ ആസ്പത്രികളിലാണ് എത്തിയത്.
മിംസിൽ 25 പേരാണുള്ളത്. അഞ്ചുപേർ ഐ.സി.യു.വിലും ഒരാൾ ഇന്റർമീഡിയറ്റ് കെയർ യൂണിറ്റിലും ഉണ്ട്. 16 പേർ വാർഡുകളിലും മുന്നുപേർ മുറികളിലും ഉണ്ട്. ബേബി മെമ്മോറിയൽ ആസ്പത്രിയിൽ നാലുപേരുണ്ട്. ഒരാൾ വെന്റിലേറ്ററിലാണ്.
നീലേശ്വരം : പരിക്കേറ്റവരെ കോഴിക്കോട് മിംസ് ആസ്പത്രിയിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സന്ദർശിച്ചു.വെന്റിലേറ്ററിൽ കഴിയുന്ന നാലുപേരുടെയും അത്യാഹിത വിഭാഗത്തിൽ കഴിയുന്ന രണ്ടുപേരുടെയും കൂട്ടിരിപ്പുകാർക്കൊപ്പം സമയം ചെലവഴിച്ചാണ് എം.പി. മടങ്ങിയത്. ആസ്പത്രി മനേജ്മെന്റ് പ്രതിനിധികളെയും ഡോക്ടർമാരെയും കണ്ട് ആവശ്യമായ ചികിത്സ ഉറപ്പാക്കി.
മംഗളൂരു :മംഗളൂരുവിലെ വിവിധ ആസ്പത്രികളിൽ കഴിയുന്നവരെ എം. രാജാഗോപാൽ എം.എൽ.എ. സന്ദർശിച്ചു. “മുൻകൂറായി അടക്കാൻ പണമില്ല, കുറച്ച് സമയം വാങ്ങിത്തരണം” എന്നായിരുന്നു എം.എൽ.എ.യോടുള്ള അഭ്യർഥന.
ഒരു പൈസ പോലും കൊടുക്കേണ്ടെന്നും പരിക്കേറ്റവരുടെ മുഴുവൻ ചികിത്സച്ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും എം.എൽ.എ. അറിയിച്ചപ്പോൾ അവർക്കാശ്വാസമായി. വീട്ടുകാരുടെ മുന്നിൽവെച്ച് തന്നെ കാസർകോട് കളക്ടർ കെ. ഇമ്പശേഖറെ എം.എൽ.എ. വിളിച്ചു. അദ്ദേഹം ഉടനെ തന്നെ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മിഷണർ മുഹിലനുമായി ബന്ധപ്പെട്ട് ആസ്പത്രി മാനേജ്മെന്റുമായി ബന്ധപെടാമെന്ന ഉറപ്പും നൽകി.
എ.ജെ. ആശുപത്രിയിൽ കഴിയുന്ന 29 പേരെ കണ്ട രാജഗോപാൽ ഇവരെ ചികിത്സിക്കുന്ന ഡോ. ദിനേശ് കദവുമായും എം.ഡി. ഡോ. പ്രശാന്ത് മർലയുമായും സംസാരിച്ചു.
ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ കഴിയുന്ന രവിയേയും എം.എൽ.എ സന്ദർശിച്ചു.

