യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ; നിര്‍ണായകമായി ഏഴുസംസ്ഥാനങ്ങള്‍

വാഷിങ്ടൺ: യു.എസിന്റെ പുതിയ ഭരണസാരഥിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കും. ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം.
ജനകീയവോട്ടിനെക്കാൾ ഇലക്ടറൽ കോളേജ് വോട്ടിനാണ് യു.എസ്. തിരഞ്ഞെടുപ്പിൽ പ്രധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. ഈ മാന്ത്രികസംഖ്യ ഉറപ്പാക്കാൻ നിർണായകസംസ്ഥാനങ്ങളിൽ ശക്തമായ അവസാനവട്ട പ്രചാരണത്തിലാണ് ഇരുവരും. ഒരു പാർട്ടിയുടെയും പരമ്പരാഗതകോട്ടയല്ലാത്ത ഏഴു സംസ്ഥാനങ്ങളാണ് ഇത്തവണയും തിരഞ്ഞെടുപ്പിന്റെ ഭാഗധേയം നിർണയിക്കുക. ഇതുവരെ ഏഴുകോടിയിലേറെപ്പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തി.

