കഞ്ചാവുവേട്ടകളിൽ സ്ഥിരസാന്നിധ്യം, രഹസ്യപരാതി അന്വേഷിച്ച് മടങ്ങവെ മരണം; ഉള്ളുലഞ്ഞ് സഹപ്രവർത്തകർ

തിരുവനന്തപുരം: വനിത സിവിൽ എക്സൈസ് ഓഫീസർ ഷാനിദയുടെ വേർപാടിൽ ഉള്ളുലഞ്ഞ് സഹപ്രവർത്തകർ. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു ഷാനിദയുടെ മരണം.
എക്സൈസ് തിരുവനന്തപുരം റേഞ്ച് ഓഫീസിലെ കർമ്മനിരതയായിരുന്നു ഷാനിദ. തങ്ങൾക്ക് ലഭിച്ച ഒരു പരാതി അന്വേഷിക്കാനുള്ള യാത്രയ്ക്കിടെ ആണ് അപകടം എന്നതും സഹപ്രവർത്തകരുടെ വേദന വർധിപ്പിക്കുന്നു. വഞ്ചിയൂർ, മെഡിക്കൽ കോളേജ് ഭാഗങ്ങളിൽനിന്നുള്ള രഹസ്യ പരാതികൾ അന്വേഷിക്കാനായി പോകുമ്പോഴായിരുന്നു അപകടം.
ഞായറാഴ്ച രാത്രി 11-ഓടെ പാറ്റൂർ-ജനറൽ ആശുപത്രി റോഡിൽ വെച്ചാണ് ഷാനിദ അപകടത്തിൽപ്പെട്ടത്. ഷാനിദ ഓടിച്ചിരുന്ന സ്കൂട്ടർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറുഭാഗത്തേക്കു തെറിച്ചുവീണപ്പോൾ എതിരേ വന്ന കാറിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസീർ ആണ് ഭർത്താവ്. മുഹമ്മദ് ഫഗദ്, ഫൈഗ ഫാത്തിമ എന്നിവർ മക്കളാണ്.
നഗരത്തിൽ എക്സൈസ് നടത്തിയ കഞ്ചാവ് വേട്ടകളിലും സംസ്ഥാനാന്തര റെയ്ഡുകളിലും ഷാനിദ ഉൾപ്പെട്ടിരുന്നു. സ്ത്രീകളിൽ നിന്ന് ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ച് ഞായറാഴ്ചകളിൽ പരിശോധനയ്ക്ക് പോകാറാണ് പതിവ്. ഇത്തരത്തിൽ ഒരു പരാതിയിൽ സ്ത്രീയുടെ മൊഴിയെടുത്ത് മടങ്ങവെയായിരുന്നു അപകടം.

