ജോലിയിൽ ഇരിക്കെ പെൻഷൻ കൈപ്പറ്റിയ സർക്കാർ ജീവനക്കാരുടെ പേരുകൾ പുറത്തുവിടണം- പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ജോലിയിൽ ഇരിക്കെ സാമൂഹിക പെൻഷൻ കൈപ്പറ്റിയവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പേരുകൾ പുറത്തുവിട്ടില്ലെങ്കിൽ സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയത്തിന്റെ നിഴലിലാകുമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ കത്തിൽ പറയുന്നു.
സാമൂഹിക സുരക്ഷ പെൻഷൻ പട്ടികയിൽ അനർഹരായ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് മുമ്പുതന്നെ സി.എ.ജി. റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിൽ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ സി.എ.ജിയെ അറിയിച്ചിരുന്നതാണ്. എന്നിട്ടും യാതൊരു നടപടികളും സ്വീകരിച്ചില്ലെന്നത് അദ്ഭുതമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടി.
കത്ത് പൂർണരൂപത്തിൽ
ഗസറ്റഡ് റാങ്കിലുള്ളതടക്കം 1458 സർക്കാർ ഉദ്യോഗസ്ഥരും ആഡംബര കാറുകളുള്ള അതിസമ്പന്നരും സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിൽ ഉണ്ടെന്ന കണ്ടെത്തൽ അതീവ ഗൗരവമുള്ളതാണ്. പാവപ്പെട്ട ജനങ്ങളുടെ അവകാശമായ സാമൂഹിക സുരക്ഷാ പെൻഷൻ ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടിട്ടുണ്ടെന്ന് 2023 സെപ്തംബറിൽ കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ സമർപ്പിച്ച റിപ്പോർട്ടിലും കണ്ടെത്തിയിരുന്നു. പരിഹാരനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് സർക്കാർ സി.എ.ജിയെ അറിച്ചിരുന്നതുമാണ്. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് അദ്ഭുതകരമാണ്.
സർക്കാർ ശമ്പള സോഫ്റ്റ്‌വെയറായ സ്പാർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ സോഫ്റ്റ്‌വെയറായ സേവനയും ഒത്തു നോക്കിയാൽ തന്നെ തട്ടിപ്പ് കണ്ടെത്താമായിരുന്നു. എന്നിട്ടും വിലപ്പെട്ട രണ്ടുവർഷമാണ് സർക്കാർ പാഴാക്കിയത്.
സർവീസിൽ തുടരവേ സമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റിയവരുടെ പേരുവിവരങ്ങൾ സർക്കാർ പുറത്തുവിടണം. അല്ലാത്തപക്ഷം സത്യസന്ധരായ ഉദ്യോഗസ്ഥർ കൂടി സംശയനിഴലിലാകും. ഇത്തരം ക്രമക്കേട് പുറത്തുവന്നത് സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തെ ബാധിക്കരുത്. പെൻഷൻ കുടിശിക അടക്കം ഉടൻ കൊടുത്തു തീർക്കണം. ഏതാനും സർക്കാർ ജീവനക്കാർ അനർഹമായ പെൻഷൻ കൈപ്പറ്റിയതിൽ ജീവനക്കാരെ ആകെ അധിക്ഷേപിക്കുന്ന സ്ഥിതി ഉണ്ടാകാൻ പാടില്ല. അവരുടെ ന്യായമായ അവകാശങ്ങൾ ഇതിന്റെ പേരിൽ നിഷേധിക്കപ്പെടരുത്.
ക്ഷേമ പെൻഷൻ വിതരണത്തിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ ചില ഗുരുതരമായ പോരായ്മകൾ സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് അടിയന്തിരമായി പരിഹരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

