അതിശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ(തിങ്കൾ) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന്(ഞായറാഴ്ച) ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ള നാല് ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിസംബര്‍ മൂന്ന്, നാല് തിയ്യതികളിൽ ലക്ഷദ്വീപ് തീരത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ താരതമ്യേന മഴ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ചെന്നൈയിൽ വീശിയടിച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 11.30-ഓടെയാണ് കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈയില്‍ നാല് പേര് മരിച്ചിട്ടുണ്ടെന്നാണ് വിവരം. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് 200-ല്‍ അധികം വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

