കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

കല്‍പ്പറ്റ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
വയനാട് ജില്ലയിൽ ട്യുഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളെ അവധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ മുഴുവൻ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു
ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.
കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് തിങ്കളാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴ കനക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ വയനാട് ഉള്‍പ്പെടെയുള്ള നാല് ജില്ലകളില്‍ നാളെ(തിങ്കള്‍) റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും റെഡ് അലേര്‍ട്ടുണ്ട്.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന്(ഞായറാഴ്ച) ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. റെഡ് അലേര്‍ട്ട് നല്‍കിയിട്ടുള്ള നാല് ജില്ലകള്‍ ഒഴിച്ച് മറ്റ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കോട്ടയം ജില്ലയിൽ കനത്ത മഴയിൽ അയ്മനം, ആർപ്പുക്കര ഭാഗങ്ങളിൽ കൊയ്യാറായ നെല്ലിന് ഭീഷണി. മണിയാപറമ്പ്, കേളകരി, കന്യാ കോൺ പാടശേഖരങ്ങളിലാണ് പ്രശ്നം. വൈദ്യതി മുടങ്ങിയതോടെ വെള്ളം വറ്റിക്കൽ സ്തംഭിച്ചു. നെടുംകുന്നം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. ഞായറാഴ്ച വൈകീട്ട് പെയ്ത കനത്ത മഴയിൽ നെത്തല്ലൂർ പന ക്കവയൽ ഭാഗത്തു എട്ടു വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റി പാർപ്പിച്ചു. ആര്യാട്ടുകുഴി ഭാഗത്തു മൂന്നു വീടുകളിൽ വെള്ളം കയറി. രണ്ടു കുടുംബങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി. ആര്യാട്ടുകുഴി-കോവേലി റോഡിൽ വെള്ളം കയറി ഗതാഗതം മുടങ്ങി.നെടുമണ്ണി ഇടവെട്ടാൽ ഭാഗത്തു 11 വീടുകളിൽ വെള്ളം കയറി. ഇവർ സമീപത്തെ മറ്റു വീടുകളിലേക്ക് മാറി. കറുകച്ചാൽ – മണിമല റോഡിൽ നെടുമണി തോട് കരകവിഞ്ഞു വെള്ളം റോഡിൽ വെള്ളം കയറി.പനക്കവയൽ, ആര്യാട്ടുകുഴി ഭാഗത്തു കൃഷി നാശവും ഉണ്ടായി.

