KSDLIVENEWS

Real news for everyone

സിനിമ കാണാനുള്ള യാത്ര അവസാനിച്ചത് ദുരന്തത്തില്‍; അപകടത്തിന് കാരണമായത് കനത്ത മഴയെന്ന് സൂചന

SHARE THIS ON

ആലപ്പുഴ: അഞ്ച് മെഡിക്കല്‍ വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കനത്ത മഴയെന്ന് സൂചന. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങള്‍ വേഗത്തില്‍ കടന്നുപോകാൻ കഴിയുന്ന സ്ഥലമല്ലെന്ന് അവിടം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

മഴനിമിത്തം കാഴ്ചക്കുണ്ടായ കുഴപ്പമാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ബസും കാറും അമിതവേഗത്തിലായിരുന്നില്ല എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കാറില്‍ 11 പേരുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒരുവശത്തേക്ക് മാത്രം വാഹനം കടത്തിവിടുന്ന സ്ഥലത്താണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും മറ്റുള്ളവർ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. കാർ പൂർണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്.

അപകടത്തില്‍ പൂർണമായും തകർന്ന കാർ

കളർകോടിനടുത്ത് ദേശീയപാതയില്‍ തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. ആലപ്പുഴ കൈചൂണ്ടിമുക്കിലെ തിയറ്ററില്‍ സിനിമ കാണാനായി പോകുകയായിരുന്നു സുഹൃത്തുക്കളെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തുനിന്ന്‌ തിയറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. വാടകക്കെടുത്ത ടവേര വാഹനത്തില്‍ 11 പേരാണുണ്ടായിരുന്നത്.

കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങോഴക്കല്‍ വീട്ടില്‍ ഷാജിയുടെയും ഉഷയുടെയും മകൻ ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറില്‍ ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കല്‍ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തില്‍ ദേവാനന്ദൻ, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകർക്കിയ വീട്ടില്‍ മുഹമ്മദ് നസീറിന്‍റെയും മുംതാസ് ബീഗത്തിന്‍റെയും മകൻ മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ മുട്ടം വേങ്ങര പാണ്ടിയാലയില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാർ (18) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗൗരി ശങ്കർ, ആല്‍വിൻ, കൃഷ്ണദേവ്, ആനന്ദ്, മുഹ്സീൻ, ഷൈൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!