പ്രവാസി വ്യവസായി പൂച്ചക്കാട്ടെ ഗഫൂർ ഹാജിയുടെ കൊലപാതകം; 48 പവൻകൂടി വീണ്ടെടുത്തു

പള്ളിക്കര: ദുർമന്ത്രവാദത്തിനിടെ പ്രവാസി വ്യവസായി കൊല്ലപ്പെട്ട കേസിൽ പോലീസ് സംഘം 48 പവൻ കൂടി ചൊവ്വാഴ്ച വീണ്ടെടുത്തു. അറസ്റ്റിലായ നാലംഗ സംഘം കാസർകോട്ടെ മൂന്ന് ജൂവലറികളിൽ വിൽപ്പന നടത്തിയ 37 പവനും ഒന്നാം പ്രതി ചട്ടഞ്ചാലിനടുത്ത് ഒരു സഹകരണ സ്ഥാപനത്തിൽ പണയം വെച്ച 11 പവൻ വിട്ടുകിട്ടുന്നതിനുള്ള നടപടികളുമാണ് അന്വേഷണ സംഘം പൂർത്തിയാക്കിയത്. ഇതോടെ നഷ്ടപ്പെട്ട 596 പവനിൽ 92 പവൻ അന്വേഷണസംഘം വീണ്ടെടുത്തു.
പോലീസ് കസ്റ്റഡിയിലുള്ള പ്രതികളായ ബാര മീത്തൽ മാങ്ങാട് കുളിക്കുന്ന് അണിഞ്ഞ റോഡ് ബൈത്തുൽ ഫാത്തിമയിൽ പി.എം. ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (34), മുക്കൂട് ജിലാനി നഗറിലെ താമസക്കാരി പൂച്ചക്കാട് വലിയ പള്ളിക്കടുത്തെ പി.എം. അസ്നിഫ (36), മധൂർ കൊല്യയിലെ ആയിഷ (43) എന്നിവരുടെ കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കും. പുതിയ ഭാരതീയ ന്യായസംഹിത പ്രകാരം വീണ്ടും 15 ദിവസം കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഹർജി നൽകാൻ കഴിയുമെന്നതിനാൽ ഇനി ആ നടപടി സ്വീകരിക്കുമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡി. സി.ആർ.ബി. ഡിവൈ.എസ്.പി. കെ.ജെ. ജോൺസൺ പറഞ്ഞു. പ്രതികളുടെ ജാമ്യ ഹർജിക്കെതിരെ പോലീസ് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം ദുർമന്ത്രവാദത്തിനിടെ കൊല്ലപ്പെട്ട ഗഫൂർ ഹാജിയുടെ മാതാവ് ഈ കേസിൽ കക്ഷിചേരാനുള്ള നടപടികൾ തുടങ്ങിയെന്ന് കർമസമിതി ഭാരവാഹികളായ അസൈനാർ ആമുഹാജി സുകുമാരൻ പൂച്ചക്കാട് എന്നിവർ പറഞ്ഞു. 2023 ഏപ്രിൽ 14-ന് പുലർച്ചെയാണ് പള്ളിക്കര പൂച്ചക്കാട്ടെ എം.സി. അബ്ദുൾ ഗഫൂർ ഹാജി സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

