സ്റ്റാര്‍ലിങ്ക് കില്ലര്‍; ഇലോണ്‍ മസ്‌കിനും യുക്രൈനും പേടിസ്വപ്‌നമാവാന്‍ റഷ്യയുടെ ‘കലിങ്ക’

യുക്രൈനും സഖ്യരാജ്യങ്ങള്‍ക്കും യുഎസ് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌കിനും പേടി സ്വപ്‌നമാകാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ സേന വികസിപ്പിച്ച ‘കലിങ്ക’ എന്ന അത്യാധുനിക സാങ്കേതിക വിദ്യ. ‘കലിങ്ക മോണിറ്ററിങ് സിസ്റ്റം’ എന്ന് വിളിക്കുന്ന ഈ സംവിധാനത്തിന് ‘സ്റ്റാര്‍ലിങ്ക് കില്ലര്‍’ എന്നാണ് വിളിപ്പേര്. ഈ സാങ്കേതിക വിദ്യയ്ക്ക് സ്റ്റാര്‍ലിങ്ക് പോലുള്ള ഉപഗ്രഹ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ശത്രുക്കളുടെ ആളില്ലാ യുദ്ധവിമാനങ്ങളില്‍ നിന്നും ബോട്ടുകളില്‍ നിന്നുമുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാനും അവയെ കണ്ടെത്താനുമുള്ള കഴിവുണ്ട്. ഒപ്പം സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ കണ്ടെത്തി ആക്രമിക്കാനും ഇത് സഹായിക്കും.
2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് ഇലോണ്‍ മസ്‌ക് സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം യുക്രൈനില്‍ എത്തിച്ചത്. യുക്രൈനിലെ വിവരവിനിമയ സംവിധാനങ്ങള്‍ക്കു നേരെ റഷ്യയുടെ ആക്രമണം ശക്തമായതോടെയായിരുന്നു ഇത്. യുക്രൈന്‍ അധികൃതരും സൈന്യവും ആശയവിനിമയത്തിനായി സ്റ്റാര്‍ലിങ്ക് സേവനം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ആക്രമണത്തിനായി ഉപയോഗിക്കുന്ന ഏരിയല്‍ ഡ്രോണുകളുടെയും ആളില്ലാ ബോട്ടുകളുടേയും പ്രവര്‍ത്തനത്തിനും ഉപഗ്രഹ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നുണ്ട്.
എന്താണ് സ്റ്റാര്‍ലിങ്ക് കില്ലര്‍ ?
റഷ്യയുടെ സെന്റര്‍ ഫോര്‍ അണ്‍മാന്‍ഡ് സിസ്റ്റംസ് ആന്റ് ടെക്‌നോളജീസ് (സിബിഎസ്ടി) തദ്ദേശീയമായി വികസിപ്പിച്ചതാണ് കലിങ്ക മോണിറ്ററിങ് സിസ്റ്റം. റഷ്യന്‍ സേന ഇതിനകം ഈ സംവിധാനം യുക്രൈനില്‍ ഉപയോഗിച്ച് തുടങ്ങിയെന്നാണ് വിവരം. 15 കിമീ പരിധിയിലുള്ള ഏരിയല്‍ ഡ്രോണുകളെയും മാരിറ്റൈം ഡ്രോണുകളെയും കണ്ടുപിടിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്ന് സിബിഎസ്ടി ചെയര്‍മാന്‍ ആന്ദ്രേ ബെസ്രുകോവ് അവകാശപ്പെട്ടു. സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ കണ്ടെത്താനും ആക്രമിക്കാനും കലിങ്ക മോണിറ്ററിങ് സംവിധാനം റഷ്യന്‍ സൈനത്തെ സഹായിക്കുമെന്നും ആന്ദ്രേ പറഞ്ഞു.
സ്റ്റാര്‍ലിങ്കിന്റെ സൈനിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന പതിപ്പായ സ്റ്റാര്‍ഷീല്‍ഡ് ടെര്‍മിനല്‍ കണ്ടെത്താനും കലിങ്കയ്ക്ക് സാധിക്കും. എന്നാല്‍ ഇത് വന്‍തോതില്‍ ഉത്പാദിപ്പിച്ച് തുടങ്ങിയിട്ടില്ല. റഷ്യന്‍ സേന ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഉത്പാദനം നടക്കുമെന്നാണ് വിവരം.

