KSDLIVENEWS

Real news for everyone

ബിനീഷിനെ നാല് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു; അനൂപിനൊപ്പം ചോദ്യം ചെയ്യും

SHARE THIS ON

ബെംഗളുരു: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ നാല് ദിവസം കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ബിനീഷിനെ സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. നാലു ദിവസം കസ്റ്റഡിയിൽ വേണമെന്ന ഇ.ഡിയുടെ ആവശ്യം കോടതി അംഗീകരിച്ചു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിനീഷിന്റെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനൊപ്പമിരുത്തി ബിനീഷിനെ തുടർ ചോദ്യംചെയ്യലിന് വിധേയനാക്കുമെന്നാണ് വിവരം.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഇ.ഡി. സോണൽ ഓഫീസിൽ ബിനീഷ് കോടിയേരി ചോദ്യംചെയ്യലിന് ഹാജരായത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ഇഡി കസ്റ്റഡിയിലെടുത്തത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മിൽ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇ.ഡി. അന്വേഷിക്കുന്നത്.

ഒക്ടോബർ ആറിനാണ് ബിനീഷ് കോടിയേരിയെ ഇ.ഡി. ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ബിനീഷിനെ നേരത്തേ ചോദ്യം ചെയ്തതിന് ശേഷം ആ മൊഴികളുടെ അടിസ്ഥാനത്തിൽ ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. അഞ്ചു ദിവസം കസ്റ്റഡിയിൽ വാങ്ങിയാണ് സോണൽ ആസ്ഥാനത്ത് ചോദ്യം ചെയ്തത്. നേരത്തെ അനൂപിന് ഒപ്പമിരുത്തി ചോദ്യംചെയ്യാൻ ബിനീഷിനെ വിളിച്ചിരുന്നെങ്കിലും ബിനീഷ് ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി എത്തിയില്ല. അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്നാണ് ഇ.ഡി.വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. അനൂപ് ആവശ്യപ്പെട്ടതുപ്രകാരം ബിനീഷ് അദ്ദേഹത്തിന് പണം നൽകി സഹായിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ പല അക്കൗണ്ടുകളിൽ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്. ഇതാരാണ് നിക്ഷേപിച്ചതെന്ന കാര്യത്തിൽ അനൂപിന് വ്യക്തത നൽകാനായിട്ടില്ല. ഈ പണം ബിനീഷ് കോടിയേരിയുടെ നിർദേശപ്രകാരമാണോ 20 അക്കൗണ്ടുകളിൽ നിന്നായി വന്നിട്ടുളളത്, ബെംഗളുരുവിൽ ബിനീഷ് ബിനാമി ഇടപാടുകൾ നടത്തുന്നുണ്ടോ തുടങ്ങിയവയെല്ലാം ഇ.ഡി. അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!