രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിരാഹാര സമരം മാറ്റി

കാഞ്ഞങ്ങാട്: തെക്കിൽ കോവിഡ് ആസ്പത്രിയോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ നവംബർ ഒന്നുമുതൽ നടത്താൻ നിശ്ചയിച്ചിരുന്ന നിരാഹാരം മാറ്റിയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അറിയിച്ചു. ആസ്പത്രി തുറക്കണമെന്ന ആവശ്യമായിരുന്നു നിരാഹാര സമരം പ്രഖ്യാപിക്കുമ്പോൾ ഉയർത്തിയിരുന്നത്.
ഒരുതരത്തിലുമുള്ള സൗകര്യവുമൊരുക്കാതെ ആസ്പത്രി തുറന്നു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. അതിനാൽ നിരാഹാരസമരത്തിൽനിന്ന് പിന്മാറേണ്ടെന്ന തീരുമാനത്തിൽത്തന്നെയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഐ.സി.യു.വും വെന്റിലേറ്റർ സൗകര്യവുമൊക്കെ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥാപിക്കുമെന്ന് കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും തന്നെ വിളിച്ച് ഉറപ്പുനൽകി. അതിനിടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച സംഘം ആസ്പത്രി സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി. അവരും കളക്ടറോടും ഡി.എം.ഒ.യോടും സംസാരിച്ചു.
അവർക്കും ഇതേ ഉറപ്പ് കിട്ടി. ആസ്പത്രി തുറന്നതും അധികാരികളുടെ ഈ ഉറപ്പും ജില്ലാ കോൺഗ്രസ് കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ അഭ്യർഥനയും കണക്കിലെടുത്താണ് നിരാഹാരസമരം മാറ്റുന്നത്. രണ്ടോ മൂന്നോ ആഴ്ച നോക്കും. ഉറപ്പ് പാലിച്ചില്ലെങ്കിൽ മരണംവരെ നിരാഹാരം കിടക്കുമെന്നും എം.പി. അറിയിച്ചു
അന്വേഷിക്കാനെത്തിയത് ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ, തെക്കിൽ കോവിഡ് ആസ്പത്രിയിൽ കോൺഗ്രസ് നേതാക്കളെത്തിയത് ഡി.സി.സി. പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നേതൃത്വത്തിൽ.
മുൻ ഡി.സി.സി. പ്രസിഡന്റ് കെ.പി.കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ. എ.ഗോവിന്ദൻ നായർ, ഡി.സി.സി. ജന. സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽവീട്, സി.വി.ജെയിംസ്, പി.വി.സുരേഷ്, ചെമ്മനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കൃഷ്ണൻ ചട്ടഞ്ചാൽ, ജില്ലാപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാനവാസ് പാദൂർ എന്നിവരാണ് സംഘത്തിലുണ്ടായത്.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആവശ്യമായ ചികിത്സാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. നാമമാത്രമായ ജീവനക്കാരെ മാത്രമാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്.
കാത്തങ്ങാട് സ്ഥിതിചെയ്യുന്ന ജില്ലാ ആസ്പത്രി പൂർവസ്ഥിതിയിൽ പ്രവർത്തിക്കണമെങ്കിൽ കോവിഡ് ആസ്പത്രിയിൽ ഐ.സി.യു. ഉൾപ്പെടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാക്കണം- ഇത്രയുമാണ് കോൺഗ്രസ് സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഈ വസ്തുതകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഒരുമാസത്തിനുള്ളിൽ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്താമെന്ന ഉറപ്പ് ലഭിച്ചതായും അതിനാൽ നിരാഹാരസമരം തത്കാലം മാറ്റിവയ്ക്കണമെന്നും കോൺഗ്രസ് നേതൃസംഘം എം.പി.ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

