എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണം: വിധി തൃപ്തികരമല്ല; ശരത് ലാലിന്റേയും കൃപേഷിന്റേയും അമ്മമാർ

കാസര്‍കോട്: എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത്‌ലാലിന്റെ അമ്മ ലത പറഞ്ഞു. അതേസമയം, കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരുടെചോദ്യത്തിന് മറുപടിയായി കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു.
കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. 10 പ്രതികള്‍ കുറ്റവിമുക്തരായി. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.
കേസില്‍ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്.
സി.പി.എം. നേതാക്കളുള്‍പ്പെടെ കേസില്‍ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവില്‍ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുര്‍ഗ് കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും തുടര്‍നടപടി തുടങ്ങും മുന്‍പേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. രണ്ടുവര്‍ഷത്തോളം നീണ്ട വിചാരണയാണ് സി.ബി.ഐ. കോടതിയില്‍ നടന്നത്.

