ബേവിഞ്ച വെടിവയ്പ് കേസ് ; രവി പൂജാരിയെ പ്രതി ചേർത്ത് എടിഎസ് റിപ്പോർട്ട് .

കാസർഗോഡ്• ബേവിഞ്ച വെടിവയ്പ്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ പ്രതി ചേർത്ത് കംബ്രാഞ്ച് ഉത്തരമേഖലാ ഭീകരവിരുദ്ധ സ്ക്വാഡ് ( എടിഎസ് ) കാസർകോട് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു . ക്രൈം ബ്രാഞ്ച് പുനരന്വേഷണത്തിലാണ് രവി പൂജാരിയെ പ്രതി ചേർക്കുന്നത് . 2008 ലും 2013 ലുമാണ് പണം ആവശ്യപ്പെട്ട് കാസർകോട് ബേവിഞ്ചയിലെ കരാറുകാരൻ എം . ടി.മുഹമ്മദ് കുഞ്ഞിയുടെ വീടിന് നേരെ ഒരു സംഘം വെടിവയ്പ് നടത്തിയത് . ഇതിൽ 2008 ൽ നടന്ന വെടിവയ്പ്പ് കേസിലാണ് രവി പൂജാരി പ്രതി ചേർക്കപ്പെട്ടിരിക്കുന്നത് . കേസിൽ ലോക്കൽ പൊലീസ് നേരത്തെ 8 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു . പിന്നീട് കൂടുതൽ പ്രതികൾ ഇല്ലെന്ന് നിഗമനത്തിൽ അന്വേഷണം – അവസാനിപ്പിക്കുകയായിരുന്നു സി.എ. അബ്ദുൽ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോൾ പുനരന്വേഷണം നടത്തി രവി പൂജാരിയെകൂടി പ്രതിപ്പട്ടികയിൽ പെടുത്തിയത് . ആഫ്രിക്കയിലെ സെനഗലിൽ നിന്നു മുഹമ്മദ് കുഞ്ഞിയുടെ മൊബൈൽ ഫോണിലേക്ക് വന്ന ഫോൺകോളാണ് പ്രധാന തെളിവായത് . വെടിവയ്പ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പണം ആവശ്യപ്പെട്ട് രവി പൂജാരി മുഹമ്മദ് കുഞ്ഞിയെ വിളിച്ചത് . പണം കൊടുത്തുവിടണമെന്നും ഇല്ലെങ്കിൽ ആപത്ത് ഉണ്ടാകുമെന്നായിരുന്നു ഫോണിലൂടെ ഭീഷണി . പണം നൽകാൻ വിസമ്മതിച്ചതിനാൽ വെടിവയ്പ്പ് നടത്തി സംഘം രക്ഷപ്പെടുകയായിരുന്നു . സംഭവം നടന്ന വീടിന്റെ വരാന്തയിൽ നിന്ന് രവി പൂജാരി എന്ന് എഴുതിയ കടലാസ് തുണ്ടും കണ്ടെത്തിയിരുന്നു . നിലവിൽ ബെംഗളൂരുവിലെ ജയിലിലുള്ള രവി പൂജാരിയെ അന്വേഷണ സംഘം അവിടെ എത്തി അറസ് രേഖപ്പെടുത്തും . ഈ കേസിൽ 2015 ൽ മനീഷ് ഷെട്ടിയെ അന്നത്തെ കാസർകോട് ഡിവൈഎസ്പി . ആയിരുന്ന ടി.പി. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തിരുന്നു . പിന്നീട് ഇയാൾ ബെംഗളൂരുവിൽ കൊല്ലപ്പെട്ടു . ബേവിഞ്ച വെടിവയ്പ് കേസിൽ 8 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത് . കംബ്രാഞ്ച് മേധാവിയായിരുന്ന ടോമിൻ തച്ചങ്കരി ബെംഗളൂരുവിൽ എത്തി ചോദ്യം ചെയ്തപ്പോൾ രവി പൂജാരിയിൽ നിന്ന് സുപ്രധാന മൊഴികൾ ലഭിച്ചിരുന്നു . തുടർന്നാണ് അന്വേഷണം കംബാഞ്ച് ഏറ്റെടുത്തത് .

