KSDLIVENEWS

Real news for everyone

അനൂപ് മുഹമ്മദിന് ബിനീഷ് ‘ബോസ്’; മൂന്നരക്കോടി രൂപ നല്‍കിയെന്നും ഇ.ഡി

SHARE THIS ON

ബെംഗളൂരു: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)റിപ്പോർട്ട് പുറത്ത്. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനു വേണ്ടി ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഇ.ഡി. സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. മയക്കുമരുന്നു കേസിൽ പ്രതിയായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് അന്വേഷണ റിപ്പോർട്ടിൽ ഇ.ഡി. പറയുന്നു.

അനൂപിനെ ഇ.ഡി. 17-ാം തിയതി മുതൽ 21വരെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. ബെംഗളൂരുവിൽ താൻ നടത്തിയിരുന്ന റെസ്റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്നും അനൂപ് പറഞ്ഞിട്ടുണ്ട്. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്ന കണ്ടെത്തലും ഇ.ഡി. റിപ്പോർട്ടിലുണ്ട്.

വലിയ സാമ്പത്തിക ഇടപാടുകൾ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മിലുണ്ട്. ഇക്കാര്യം നർക്കോട്ടിക് കൺട്രോൾ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിക്കുന്നുണ്ട്. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ അറിയാനാണ് ആറാം തിയതി ബിനീഷിനെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതെന്ന് ഇ.ഡി. പറയുന്നു. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് അനൂപ് മുഹമ്മദുമായി ഉണ്ടെന്ന് ബിനീഷ് സമ്മതിച്ചെന്നും ഇ.ഡി. റിപ്പോർട്ടിൽ പറയുന്നു.

ബാക്കിയുള്ള സാമ്പത്തിക ഇടപാടുകളുടെ ഉറവിടത്തെ കുറിച്ച് ബാങ്ക് രേഖകളുടെയും മറ്റും സഹായത്തോടെ ചോദിക്കുമ്പോൾ അന്വേഷണവുമായി ബിനീഷ് സഹകരിക്കുന്നില്ല. അതിനാലാണ് ബിനീഷിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!