KSDLIVENEWS

Real news for everyone

അബ്ദുൽ ഗഫൂർ ഹാജി കൊലക്കേസ്: അന്വേഷണസംഘം കണ്ടെടുത്തത് 1.42 ലക്ഷത്തിലേറെ സന്ദേശങ്ങൾ

SHARE THIS ON

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ പള്ളിക്കു സമീപത്തെ ബൈത്തു റഹ്മയിൽ എം.സി.അബ്ദുൽ ഗഫൂർ ഹാജിയെ (55) ചുമരിൽ തലയിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകളിൽ  നിന്നായി അന്വേഷണ സംഘം കണ്ടെടുത്തത് 1.42 ലക്ഷത്തിലേറെ സന്ദേശങ്ങൾ. ഇവരുടെ ഫോണുകളിൽ നിന്ന് നീക്കംചെയ്ത നിർണായകമായ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ ലഭിച്ചതിനാൽ കേസിൽ കൂടുതൽ പ്രതികളുടെ പങ്കും തെളിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

കൊലപാതകം, വീട്ടിൽ നിന്നു 596 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട  സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളായ 4 പേരുടെ  കസ്റ്റഡിയിൽ കാലാവധി അവസാനിച്ചതിനാൽ കോടതിയിൽ ഹാജരാക്കി. ഇതിനിടെ പ്രതികളായ ഉളിയത്തടുക്ക നാഷനൽ നഗർ തുരുത്തി സ്വദേശി ബാര മീത്തൽ മാങ്ങാട് ബൈത്തുൽ ഫാതീമിലെ ടി.എം. ഉബൈസ് (ഉവൈസ് 32) ഭാര്യ കെ.എച്ച്.ഷമീന (ജിന്നുമ്മ–34) മുക്കുട് ജീലാനി നഗറിലെ താമസക്കാരി പൂച്ചക്കാട്ടെ പി.എസ്.അസ്നിഫ )36) മധുർ കൊല്യയിലെ ആയിഷ (43) എന്നിവർ നൽകിയ ജാമ്യാപക്ഷേ കോടതി 20നു പരിഗണിക്കും. 

കേസിലെ പ്രതികളായ നാലു പേരും ഇവരുടെ സഹായികളായി പ്രവർത്തിച്ചവർക്കുമായി അയച്ച സന്ദേശങ്ങൾ ഡിജിറ്റൽ തെളിവായിട്ടാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. ഇതിനിടെ   പ്രതികളുടെ ഫോണിൽ നിന്നുള്ള  ചില സന്ദേശങ്ങളും ഫോട്ടോയും വിഡിയോയും  തിരിച്ചു കിട്ടാത്ത വിധത്തിൽ നശിപ്പിച്ചിട്ടുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന്റെ  പിന്നിൽ  പ്രവർത്തിച്ചതായി കരുതുന്ന ഒരാളെക്കുറിച്ച്  സൂചന ലഭിച്ചിട്ടുണ്ട്. 

5 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കൊടുത്തിരുന്നത്. വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പിനു ശേഷം ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ  പ്രതികളുടെ മൊഴികളിൽ വൈരുധ്യങ്ങളുണ്ട്. ഇതു കണ്ടെത്താനുള്ള നടപടികളിലാണ് അന്വേഷണം നടത്തുന്നത്. കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുക്കാനുള്ളതിനാൽ 5 ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. അത് 20 ന് കോടതി പരിഗണിക്കും. 2023 ഏപ്രിൽ 14നു പുലർച്ചെയാണ് അബ്ദുൽഗഫൂർ ഹാജിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിവൈഎസ്പി കെ.കെ.ജോൺസണിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നത്. വീട്ടിൽ നിന്നു കാണാതായ സ്വർണാഭരണങ്ങളിൽ  ഇതുവരെ കണ്ടെടുത്തത് 117 പവൻ മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!