KSDLIVENEWS

Real news for everyone

ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ബജറ്റ് ടൂറിസം പദ്ധതിക്ക് കെ.എസ്.ആർ.ടി.സി

SHARE THIS ON

കാസർകോട്: ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കെഎസ്ആർടിസി  ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജില്ലാ വ്യവസായ കേന്ദ്രവുമായി സഹകരിച്ചു നടത്തിയ ബേക്കൽ ഹാപ്പിനസ് ഫെസ്റ്റിവലിൽ നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസി കാസർകോട് ഡിപ്പോ കെട്ടിടത്തിലെ ഒഴിഞ്ഞ മുറികൾ സർക്കാർ, സർക്കാരിതര ഓഫിസുകൾക്ക് അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട സമഗ്ര പഠനത്തിന് കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ ഡിപ്പോ സന്ദർശിക്കും. സർക്കാർ ഓഫിസുകൾ കെഎസ്ആർടിസി കെട്ടിടത്തിലേക്ക് മാറ്റണമെന്ന് കലക്ടർക്ക് മന്ത്രി നിർദേശം നൽകി. ജില്ലയിലെ എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി.

സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  പി.ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ അധ്യക്ഷൻ  അബ്ബാസ് ബീഗം, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ, സിപിസിആർഐ ഡയറക്ടർ ബാലചന്ദ്ര ഹെബ്ബാർ, മണികണ്ഠൻ മേലത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷാനവാസ്  പാദൂർ എന്നിവർ പ്രസംഗിച്ചു.  

 ശാസ്ത്രമേള, പ്രവൃത്തിപരിചയ മേള എന്നിവയിൽ മികവ് തെളിയിച്ച പ്രതിഭകളെയും വ്യവസായ സംരംഭകരെയും  ആദരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരായ ആദിൽ മുഹമ്മദ്, കെ.നിതിൻ, ലോക്സഭ തിരഞ്ഞെടുപ്പിൽ നവീന ആശയങ്ങൾ നടപ്പിലാക്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പുരസ്കാരം നേടിയ കലക്ടർ കെ. ഇമ്പശേഖർ, കാർഷിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ ഡോ. കെ.ബാലചന്ദ്ര ഹെബ്ബാർ, പ്രമുഖ വ്യവസായ സംരംഭകൻ മണികണ്ഠൻ മേലത്ത് തുടങ്ങി വിവിധ മേഖലകളിലുള്ളവർക്ക് മന്ത്രി ഉപഹാരം നൽകി. ശാസ്ത്ര പ്രതിഭകൾക്ക് സ്ഥിരം പരീക്ഷണ നിരീക്ഷണ സംവിധാനത്തിനുള്ള സയൻസ് പാർക്ക് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!