ദേശീയപാതയിൽ മതിലുകൾ ഉയർന്നു, ശബ്ദം പോലും കേൾക്കാൻ കഴിയാത്ത അവസ്ഥ; രണ്ടായി പിളർന്ന് ഗ്രാമങ്ങൾ

നീലേശ്വരം: ദേശീയ പാതയ്ക്ക് വഴിയൊരുക്കി രണ്ടായി പിളർന്നു ഗ്രാമങ്ങൾ. ഏതെങ്കിലും ഭാഗത്ത് നിന്ന് ശബ്ദം കേട്ടാൽ റോഡിന്റെ ഇരു ഭാഗങ്ങളിൽ നിന്ന് ഓടിയെത്തുന്ന ഗ്രാമവാസികൾക്ക് ഇനി ശബ്ദം വരെ കേൾക്കാൻ കഴിയാത്ത അവസ്ഥയാണ്. വീടുകളെ പോലും മറച്ചുകൊണ്ട് വൻ മതിലുകൾ ഉയർന്നതോടെ ദേശീയ പാതയുടെ ഓരത്തെ ഗ്രാമങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി. നീലേശ്വരം നിടുങ്കണ്ട, പടന്നക്കാട്, കരുവാച്ചേരി, പള്ളിക്കര, കാര്യങ്കോട്, മയിച്ച, മുണ്ടക്കണ്ടം, ചെറുവത്തൂർ കൊവ്വൽ എന്നീ പ്രദേശങ്ങളുടെ അവസഥയാണിത്.
ദേശീയപാത നിർമാണം ദ്രുതഗതിയിൽ പോകുമ്പോൾ പാത മുറിച്ചുകടക്കാൻ അടിപ്പാത വേണമെന്നും ആവശ്യപ്പെട്ടവർ ഇത്തരത്തിൽ മറുഭാഗത്തെ വീടുകൾ പോലും മറച്ച് മതിലുവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദേശീയ പാതയിലേക്ക് സർവീസ് റോഡിൽ നിന്ന് കയറാനുള്ള വഴിയും കിലോമീറ്റർ ദൂരത്തിൽ ആയതോടെ അവിടേക്ക് എത്താനും ദുരിതം പേറേണ്ട അവസ്ഥായാണുള്ളത്. 300 ൽ പരം കുടുംബങ്ങൾ താമസിക്കുന്ന മയിച്ച ഗ്രാമത്തിൽ 40 ഓളം വീടുകൾ മതിൽ വന്നതോടെ മറ്റൊരു ഗ്രാമമായി മാറിയ നിലയിലാണ്. ഇവിടെയുള്ളവർക്ക് മറു ഭാഗത്തേക്ക് എളുപ്പത്തിൽ കടന്ന് വരാൻ കഴിയാത്ത അവസ്ഥ.
ഇവിടെ അടി പാത നിർമിച്ചിടുണ്ടെങ്കിലും താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്ത് ഇവിടെ വെള്ളം കയറാനും സാധ്യത ഏറെയാണ്. നീലേശ്വരം കഴിഞ്ഞാൽ പടന്നക്കാട് നെഹ്റു കോളജ് വരെ ദേശീയ പാത വലിയ ഉയരത്തിലാണ് കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ ദേശീയ പാതയിൽ നിന്ന് സർവീസ് റോഡിലേക്ക് കയറാനും കിലോമീറ്ററുകൾ പോകേണ്ട അവസ്ഥയാണ്. ഇത് പടന്നക്കാട് കാർഷിക കോളജ്, പടന്നക്കാട് നെഹ്റു കോളജ് എന്നിവിടങ്ങളിലേക്ക് എത്തേണ്ടവർക്ക് ദുരിതമാകും.

