കാസർകോട് നഗരസഭാ സ്റ്റേഡിയം റോഡിന് ഗവാസ്കറിന്റെ പേരിടും

കാസർകോട്: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനിൽ ഗവാസ്കർ 21-ന് കാസർകോട്ട് എത്തുന്നു. വിദ്യാനഗറിൽനിന്ന്‌് മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കറിന്റെ പേരിടും. റോഡിന്റെ നാമകരണം ഗവാസ്കർ നിർവഹിക്കും.
ഇന്ത്യൻ ടീമിന് നൽകിയ സംഭാവനകളും ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ് വിദ്യാനഗറിലെ അന്ധവിദ്യാലയത്തിൽനിന്ന് സ്റ്റേഡിയം വരെയുള്ള റോഡിന് ഗവാസ്കറിന്റെ പേര് നൽകാൻ കാസർകോട് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചത്.
എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.യുടെ ആവശ്യപ്രകാരമാണ് നഗരസഭാ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി ഗവാസ്കറിനു കാസർകോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാനും തീരുമാനിച്ചത്. കൗൺസിൽ ഏകകണ്ഠമായാണ് തീരുമാനം അംഗീകരിച്ചത്.
സ്പോർട്സ് ടൂറിസത്തിന്റെ വളർച്ചയ്ക്ക് ഇത് പ്രയോജനപ്പെടുമെന്ന് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം പറഞ്ഞു. ഗവാസ്കറുടെ ഉറ്റ സുഹൃത്തും കണ്ണൂർ വിമാനത്താവള അതോറിറ്റി ഡയറക്ടർ ബോർഡ് അംഗവുമായ ഖാദർ തെരുവത്ത് മുഖാന്തരമാണ് ഗവാസ്കറെ കാസർകോട്ട് എത്തിക്കുന്നത്.
സംഘാടകസമിതി രൂപവത്കരണ യോഗം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാധ്യക്ഷൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. സഹീർ ആസിഫ്, എ.അബ്ദുൾ റഹ്‌മാൻ, ഷംസീദ ഫിറോസ്, സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, ടി.എ.ഷാഫി, കെ.എം.അബ്ദുൾ റഹ്‌മാൻ, കെ.എം.ബഷീർ, കെ.എം.ഹനീഫ് തുടങ്ങിയവർ സംസാരിച്ചു.

