KSDLIVENEWS

Real news for everyone

ബേക്കൽ-കോവളം ജലപാത കനാൽ നിർമാണത്തിൽ ഇല്ലാതാകുക കാഞ്ഞങ്ങാട്ടെ നെല്ലറ

SHARE THIS ON

കാഞ്ഞങ്ങാട്: ആശങ്കയും പ്രതിഷേധവുമായി കർഷകരുൾപ്പെടെ വീണ്ടും തെരുവിലിറങ്ങുന്നു. ഒരുവേള, സർക്കാർ പിന്നോട്ടടിച്ചെങ്കിലും വീണ്ടും കാഞ്ഞങ്ങാട്ടെ കനാൽ നിർമാണത്തിന് മന്ത്രിസഭ പച്ചക്കൊടി കാട്ടിയതോടെയാണിത്. ബേക്കൽ-കോവളം ജലപാതാ നിർമാണത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് മേഖലയിൽ 6.65 കിലോമീറ്ററിൽ കനാൽ നിർമിക്കുന്നത്. ജില്ലയിൽ 45 കിലോമീറ്ററിലാണ് ജലപാത വരുന്നത്.

ഇതിൽ 6.65 കിലോമീറ്റർ ഭാഗം കൃത്രിമമായി നിർമിക്കും. അതായത്, അരയിപ്പുഴയിൽ കുളിയങ്കാൽ ഭാഗത്തുനിന്ന് ചിത്താരിപ്പുഴയിൽ മഡിയൻവരെയുള്ള ഭാഗത്ത് 40 മീറ്റർവരെ വീതിയുള്ള കനാൽ നിർമിച്ച് പുഴവെള്ളം ഒഴുക്കിവിടും. രണ്ടുമുതൽ എട്ടുമീറ്റർവരെ ആഴത്തിലുള്ള കനാലിന് അടിഭാഗത്ത് 20 മീറ്ററാണ് വീതി.

ഇത്രയും കിലോമീറ്ററിൽ 106 ഏക്കർഭൂമിയാണ് ഏറ്റെടുക്കുക. ഇതോടെ കാഞ്ഞങ്ങാട്ടെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന കാരാട്ടുവയൽ, നെല്ലിക്കാട്ടുവയൽ, അതിയാമ്പൂർവയൽ എന്നിവയെല്ലാം ഇല്ലാതാകും. 15,000 തെങ്ങുകൾ, 20,000 കവുങ്ങുകൾ അപ്രത്യക്ഷമാകും. വീടുകളുൾപ്പെട 73 കെട്ടിടങ്ങളാണ് പൊളിക്കേണ്ടിവരികയെന്ന് രണ്ടുവർഷം മുൻപുള്ള സർവേയിൽ വ്യക്തമാക്കിയിരുന്നു. അതിനുശേഷവും കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ട്.

കനാൽ നിർമാണത്തിന് 179.45 കോടി

കനാൽ നിർമിക്കാൻ 179.45 കോടി രൂപയാണ് നീക്കിവെച്ചത്. ഏതാനും ദിവസം മുൻപ് മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായി തുക അനുവദിച്ചത് പത്രങ്ങളിൽ കണ്ടാണ് കനാൽ നിർമാണവുമായി സർക്കാർ മുന്നോട്ടുപോകുന്നുവെന്ന് കർമസമിതി അറിയുന്നത്. രണ്ടുവർഷം മുൻപ് ഇതിന്റെ സർവേ നടക്കുമ്പോൾ ജനകീയ പ്രതിഷേധം ഉടലെടുത്തിരുന്നു.

കർമസമിതി ഹൈക്കോടതിയെയും സമീപിച്ചു. നോട്ടീസ് നൽകിയതേയുള്ളൂ, തുടർനടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നായിരുന്നു സർക്കാർ വാദം. മാത്രമവുമല്ല, തുടർ സിറ്റിങ്ങുകളിൽ സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ എത്തിയതുമില്ല. അതിനിടെ ഉദ്യോഗസ്ഥരും ചില രാഷ്ട്രീയനേതാക്കളും തങ്ങളെ സമീപിച്ച് കേസ് പിൻവലിച്ചുകൂടേയെന്ന് ചോദിച്ചിരുന്നതായും കർമസമിതിക്കാർ പറഞ്ഞു.

കിലോമീറ്റർവഴി ഇങ്ങനെ

വളപട്ടണം, കുപ്പം പുഴകളിലൂടെ പഴയങ്ങാടി സുൽത്താൻ കനാലിലേക്കും കവ്വായി കായലിലേക്കുമെത്തുന്ന ജലപാത പയ്യന്നൂർ കൊറ്റിയിൽനിന്ന് വലിയപറമ്പിലേക്ക് കടക്കും. ഇവിടെമുതൽ ബേക്കൽവരെയാണ് ജില്ലയിലെ 45 കിലോമീറ്റർ.

നിലവിൽ ബോട്ട് യാത്ര നടക്കുന്ന വലിയപറമ്പ്-നീലേശ്വരം കോട്ടപ്പുറം വരെയുള്ള ജലപാത 23 കിലോമീറ്റർ വരും. കോട്ടപ്പുറത്തുനിന്ന് നീലേശ്വരം നമ്പ്യാർക്കാൽ ചെക്ക് ഡാമിനടുത്തേക്കും തുടർന്ന് അരയിപ്പുഴയിലൂടെ കുളിയങ്കാൽ ഭാഗത്തേക്കും ഇവിടെനിന്ന് തുടങ്ങുന്ന കനാലിലൂടെ ചിത്താരിപ്പുഴയിലേക്കുമെത്തും. തുടർന്ന് അള്ളംകോട് ചാമുണ്ഡിക്കുന്ന് വഴി ബേക്കലിലേക്ക്.

കനാൽ കടന്നുപോകുന്ന സ്ഥലങ്ങൾ

കുളിയങ്കാലിൽനിന്ന് ജില്ലാ ആസ്പത്രിക്ക് താഴെ തോയമൽ ഭാഗം വഴി ദേശീയപാത മുറിച്ച് കാരാട്ടുവയലിലേക്കെത്തും. കാരാട്ടുവയൽ പ്രദേശത്തുകൂടി കടന്നുപോകുന്ന പുതിയ കോട്ട-ജില്ലാ ആസ്പത്രി റോഡ് മുറിച്ച് നെല്ലിക്കാട്-നിട്ടടുക്കം അതിർത്തി തോട് വഴി അതിയാമ്പൂരിലേക്ക്.

അതിയാമ്പൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ വെള്ളായിപ്പാലത്തേക്കും ഇവിടെയുള്ള തോടിന് സമാന്തരമായി മണലിലേക്കും ഒടുവിൽ മഡിയനിലേക്കും എത്തിച്ചേരും.

ഇത്രയും കിലോമീറ്ററിൽ 60 മീറ്റർ വീതി കണക്കാക്കിയാണ് ഭൂമി ഏറ്റെടുക്കുക. കനാലിന്റെ രണ്ടുഭാഗത്തും 10 മീറ്റർ വീതം വീതിയിൽ റോഡുണ്ടാകും.

ഉപ്പുവെള്ളം കയറുന്ന ഇടമായി കനാൽ കടന്നുപോകുന്ന ഭാഗങ്ങളെല്ലാം മാറുമെന്ന് കൃത്രിമ ജലപാതവിരുദ്ധ സമിതി നേതാക്കളായ ടി.കെ.പി. നായർ, മധുസൂദനൻ നായർ, ടി.വി. ദാമോദരൻ, കെ. ഹരികൃഷ്ണൻ, എച്ച്.കെ. പ്രശാന്ത് എന്നിവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!