KSDLIVENEWS

Real news for everyone

അനധികൃത മത്സ്യബന്ധനം; രണ്ട് കർണാടക ബോട്ടുകൾ പിടിയിൽ

SHARE THIS ON

നീലേശ്വരം: അനധികൃത മത്സ്യ ബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി. ബോട്ടുകൾക്ക് വകുപ്പ് അഞ്ചുലക്ഷം രൂപ പിഴ ഈടാക്കി. ഫിഷറീസ് വകുപ്പ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് ബോട്ടുകൾ പിടി കൂടിയത്.

ശനിയാഴ്ച രാത്രി തൈക്കടപ്പുറം തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട് ചേർന്ന് രാത്രികാല ട്രോളിങ് നടത്തിയതിനു കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള ഇഹാൻ, ഹഫ്‌സിയ എന്നീ ബോട്ട് ഉടമകൾക്കെതിരെയാണ് അഡ്ജുഡിക്കേഷൻ നടപടികൾക്ക് ശേഷം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് പിഴ വിധിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിന്റെ നിർദേശ പ്രകാരം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ കുമാരി അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ടുകൾ പിടികൂടിയത്.

മറൈൻ എൻഫോഴ്‌സ്മെന്റ് വിങ്ങിലെ അർജുൻ തൃക്കരിപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രതീഷ്, ബേക്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത്ത്, കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ സുമേഷ്, സീ റെസ്ക്യു ഗാർഡുമാരായ മനു, അജീഷ് കുമാർ ഹാർബർ റെസ്ക്യു ഗാർഡുമാരായ ജോൺ, അക്ബർ അലി, സ്രാങ്ക് സതീശൻ, എൻജിൻ ഡ്രൈവർ കണ്ണൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!