രക്ഷകരായി സൽമാൻ നിസാറും അസ്ഹറുദ്ദീനും; രഞ്ജിയിൽ കേരളം സെമിയിൽ

പുണെ: ആറ് വർഷത്തെ ഇടവേളക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിഫൈനലിൽ പ്രവേശിച്ചു. ജമ്മുകശ്മീരിനെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സമനില പിടിച്ച കേരളത്തിന്, ഒന്നാം ഇന്നിങ്സിലെ ഒറ്റ റണ്ണിന്റെ ലീഡാണ് തുണയായത്. അവസാന ദിവസം ബാറ്റിങ് തകർച്ച മുന്നിൽകണ്ട കേരളത്തിന് സൽമാൻ നിസാറും (44*) മുഹമ്മദ് അസ്ഹറുദ്ദീനും (67*) രക്ഷകരാകുകയായിരുന്നു. കേരളത്തിന്റെ സ്കോർ ആറിന് 295 എന്ന നിലയിൽ നിൽക്കേ മത്സരം അവസാനിപ്പിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ സൽമാൻ നിസാറാണ് കളിയിലെ താരം. സ്കോർ: ജമ്മു കശ്മീർ – 280 & 399/9, കേരളം -281 & 295/6. 17ന് ആരംഭിക്കുന്ന ഒന്നാം സെമിയിൽ ഗുജറാത്താണ് കേരളത്തിന്‍റെ എതിരാളികൾ.
രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രനും ക്യാപ്റ്റൻ സച്ചിൻ ബേബിയും ചേർന്ന് ഉറച്ച പ്രതിരോധമാണ് തീർത്തത്. 259 പന്തുകളാണ് ഇരുവരും ചേർന്ന് ആദ്യ സെഷനിൽ വിജയകരമായി പ്രതിരോധിച്ചത്. കൂട്ടിച്ചേർത്തത് 58 റൺസും. സഹിൽ ലോത്രയുടെ പന്തിൽ ശുഭം ഖജൂരിയ ക്യാച്ചെടുത്ത് അക്ഷയ് ചന്ദ്രൻ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് തകർന്നത്. പ്രതിരോധിക്കാനുള്ള ശ്രമത്തിൽ ബാറ്റിലുരഞ്ഞ പന്ത് പാഡിലും തട്ടി ഖജൂരിയയുടെ കൈകളിലെത്തി. 183 പന്തുകൾ നേരിട്ട് ക്ഷമയോടെ കളിച്ച അക്ഷയ് 48 റൺസാണ് നേടിയത്. നാല് ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.
അടുത്ത 14 ഓവറുകൾ കൂടി ബാറ്റുചെയ്ത സച്ചിൻ, സ്കോർ 159ൽ നിൽക്കെയാണ് പുറത്തായത്. 162 പന്തുകളിൽ ഏഴ് ബൗണ്ടറികളുടെ അകമ്പടിയോടെ 48 റൺസാണ് ക്യാപ്റ്റന്‍റെ ബാറ്റിൽനിന്ന് പിറന്നത്. തൊട്ടടുത്ത ഓവറിൽ ജലജ് സക്സേയും വീണതോടെ കേരളം അഞ്ചിന് 167 എന്ന നിലയിലായി. 48 പന്തിൽ 18 റൺസാണ് സക്സേനയുടെ സമ്പാദ്യം. എട്ട് റൺസുമായി ആതിദ്യ സർവാതെയും വീണതോടെ കേരളം അപകടം മണത്തു. എന്നാൽ, പിന്നീടൊന്നിച്ച സൽമാൻ നിസാറും മുഹമ്മദ് അസ്ഹറുദ്ദീനും കേരളത്തിന് രക്ഷകരാകുകയായിരുന്നു. അഭേദ്യമായ ഏഴാം വിക്കറ്റിൽ 115 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്.
ഉജ്ജ്വല പോരാട്ടം കണ്ട പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒന്നാം ഇന്നിങ്സിൽ ഒരു റൺ ലീഡ് വഴങ്ങിയ ജമ്മു-കശ്മീർ രണ്ടാം ഇന്നിങ്സിൽ ഒമ്പതിന് 399 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ക്യാപ്റ്റൻ പരസ് ഡോഗ്രയുടെ തകർപ്പൻ സെഞ്ച്വറിയാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിക്കുന്നതിൽ നിർണായകമായത്. നാലാം വിക്കറ്റിൽ കനയ്യ വധാവനൊപ്പം 146 റൺസും അഞ്ചാം വിക്കറ്റിൽ സാഹിൽ ലോത്രക്കൊപ്പം 50 റൺസും കൂട്ടിച്ചേർത്ത പരസ് ഡോഗ്രയുടെ ഉത്തരവാദിത്തത്തോടെയുള്ള ഇന്നിങ്സാണ് കശ്മീരിനെ മികച്ച സ്കോറിലെത്തിച്ചത്. 132 റൺസ് നേടിയ പരസ് ദോഗ്രയെ ആദിത്യ സർവ്വാതെ പുറത്താക്കി. കനയ്യ വധാവൻ 64ഉം സാഹിൽ ലോത്ര 59ഉം റൺസെടുത്തു. 28 റൺസെടുത്ത ലോൺ നാസിർ മുസാഫർ, 27 റൺസുമായി പുറത്താകാതെ നിന്ന യുധ്വീർ സിങ് എന്നിവരും കശ്മീരിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ബേസിൽ എൻ.പിയും ആദിത്യ സർവാതെയും രണ്ട് വിക്കറ്റ് വീതവും ജലജ് സക്സേന ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. രോഹൻ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേർന്ന ഓപണിങ് വിക്കറ്റിൽ 54 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, രോഹനെയും ഷോൺ റോജറെയും അടുത്തടുത്ത ഇടവേളകളിൽ പുറത്താക്കി യുധ്വീർ സിങ് കേരളത്തെ സമ്മർദത്തിലാക്കി. രോഹൻ 36ഉം ഷോൺ റോജർ ആറും റൺസെടുത്തു. തുടർന്നെത്തിയ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും ചേർന്ന് കൂടുതൽ വിക്കറ്റുകൾ നഷ്ടമാകാതെ നാലാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുനു. നിർണായകമായ അഞ്ചാം ദിനം കേരളം കളി സമനിലയിലാക്കി സെമി ബർത്ത് ഉറപ്പിക്കുകയും ചെയ്തു.
മുംബൈ, വിദർഭ ടീമുകൾ തമ്മിലാണ് രണ്ടാം സെമി മത്സരം. ക്വാർട്ടറിൽ ഗുജറാത്ത് ഇന്നിങ്സിനും 98 റൺസിനുമാണ് സൗരാഷ്ട്രയെ തോൽപിച്ചത്. തമിഴ്നാടിനെ വിദർഭ 198 റൺസിന് വീഴ്ത്തിയപ്പോൾ ഹരിയാനക്കെതിരെ 152 റൺസിനായിരുന്നു മുംബൈയുടെ വിജയം.

