KSDLIVENEWS

Real news for everyone

ജോലി വാഗ്ദാനം ചെയ്ത് 2.23 കോടി തട്ടിപ്പ്: പിടികിട്ടാപ്പുള്ളി അറസ്റ്റിൽ: ഉത്തരേന്ത്യൻ സംഘവുമായി ബന്ധം

SHARE THIS ON

കാസർഗോഡ്: സമൂഹമാധ്യമങ്ങളിലൂടെ ജോലി വാഗ്ദാനം ചെയ്തു തമിഴ്നാട് വെല്ലൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു 2.23 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ.  ഉദുമ മാങ്ങാട് താമരക്കുഴി മൊട്ടയിൽ ബൈത്തിൽ നഹിയാനിലെ താമസക്കാരൻ പയ്യന്നൂർ കവ്വായി എടി ഹൗസിലെ  എ.ടി.മുഹമ്മദ് നൗഷാദിനെയാണ് (45) ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടി.ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി. കാസർകോട് ബീരന്ത‍വയൽ താമസക്കാരനായ വെല്ലൂർ സ്വദേശിയായ 42 കാരന്റെ പണം നഷ്ടമായത്. സമൂഹ മാധ്യമങ്ങളിലൂടെയും ഫോണിലൂടെയും  പരിചയപ്പെട്ട പ്രതി വീട്ടിലിരുന്ന് പാർട്ട്‍ ടൈം ജോലി വാഗ്ദാനം വിശ്വസിപ്പിച്ചു പണം തട്ടിയെടുക്കുകയായിരുന്നു.

2024 മേയ് 17 മുതൽ ജൂൺ 4 വരെയുള്ള കാലയവളിൽ വിവിധ അക്കൗണ്ടുകളിൽ 2,23,94993 രൂപയാണ് പ്രതി വാങ്ങിയത്. ലാഭവിഹിതം എന്ന നിലയിൽ 87,125 രൂപ ഒരു തവണ തിരിച്ചു അയച്ചിരുന്നു.  ഇതിനു ശേഷം മറ്റു വിവരങ്ങളൊന്നും ഉണ്ടായില്ല. പ്രതിയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.  സമൂഹ മാധ്യമ അക്കൗണ്ട് വഴി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും   സാധിച്ചില്ല. ഇതോടെ കബളിക്കപ്പെട്ടതായി പരാതിക്കാരൻ  തിരിച്ചറിഞ്ഞു.  തുടർന്നാണു  നിക്ഷേപമായി നൽകിയ പണമോ, ലാഭവിഹിതമോ തിരിച്ചു  തരാതെ വിശ്വാസ വ‍ഞ്ചന കാട്ടിയെന്നു കാണിച്ച് സൈബർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണു  കേസെടുത്തു.

തട്ടിപ്പുകൾ പലവിധം
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി ഒട്ടേറെ ഓൺലൈൻ തട്ടിപ്പു കേസുകളിലെ പ്രതിയാണ്  മുഹമ്മദ് നൗഷാദ് എന്നു പൊലീസ് പറഞ്ഞു. ഡോക്ടറിൽ നിന്നു 2.23 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായിട്ടുള്ളത്.  കൂട്ടുപ്രതികളായ ഒട്ടേറെ പേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.   സമൂഹമാധ്യമം വഴി  ഓൺലൈൻ ട്രേഡിങ്ങിലുടെ അമിതലാഭം വാഗ്ദാനം ചെയ്താണ് പ്രതി  ഇരകളെ വീഴ്ത്തുന്നത്. എറണാകുളം ഇൻഫോപാർക് പൊലീസ് സ്റ്റേഷനിൽ  കഴിഞ്ഞ വർഷം മുംബൈ പൊലീസ് ചമഞ്ഞു വിഡിയോ കോൾ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച  കേസിൽ അന്വേഷിക്കുകയാണ്.

പയ്യന്നുർ  പൊലീസ് സ്റ്റേഷനിൽ 2 സമാന കേസുകളിൽ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചതും  പെരിങ്ങോം, കുമ്പള  പൊലീസ് സ്റ്റേഷനുകളിലായി പണം തട്ടിപ്പ് കേസുകളിലും പ്രതിയായ ഇയാൾ മറ്റു രാജ്യങ്ങൾ കേന്ദ്രികരിച്ചും ഓൺലൈൻ തട്ടിപ്പ് നടത്തുന്നതായി  അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഉത്തരേന്ത്യൻ സൈബർ തട്ടിപ്പു സംഘവുമായി ബന്ധമുള്ള ഇയാൾ കേരളത്തിലും പുറത്തുമായി മുങ്ങി നടക്കുകയായിരുന്നു. കാസർകോട്  സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ മാങ്ങാട് നിന്നാണു പിടികൂടിയത്.ജില്ലാ പൊലീസ് മേധാവി ടി.ശിൽപയുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്.  സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്ഐ  എം.വി. ശ്രീദാസ്,  എഎസ്ഐമാരായ കെ.പ്രശാന്ത്,  പി.കെ.രഞ്ജിത് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ  എം. നാരായണൻ, എം.ദിലീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

‘ഡിജിറ്റൽ അറസ്റ്റ്’: യുവതിയുടെ 14 ലക്ഷം രൂപ തട്ടി


മംഗളൂരു: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ യുവതിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തു. മംഗളൂരു ഉള്ളാൾ സ്വദേശിനിയെ ആണ് സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. കഴിഞ്ഞ വർഷം നവംബറിൽ യുവതിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞ് വന്ന ഫോൺ കോളിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ശേഷം ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഒരാൾ വിഡിയോ കോൾ ചെയ്യുകയും സിബിഐ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തി രണ്ട് പേർ കൂടി സംഭാഷണത്തിൽ ഇടപെടുകയും ചെയ്തു.

യുവതിയുടെ പേരിൽ കള്ളപ്പണവുമായി ബന്ധപ്പെട്ട 25 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആരോപിച്ച സംഘം വ്യാജ രേഖകൾ കാണിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്. അറസ്റ്റ് ഒഴിവാക്കണമെങ്കിൽ പണം തിരിച്ചടയ്ക്കണം എന്ന് ഭീഷണിപ്പെടുത്തിയതോടെ രണ്ട് തവണകളായി ഒന്നിൽ അധികം അക്കൗണ്ടുകളിലേക്ക്  14 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. പിന്നീട് വീട്ടുകാരെ വിവരം അറിയിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് തട്ടിപ്പ് ആണ് നടന്നതെന്ന് തിരിച്ചറിഞ്ഞത്. ഉള്ളാൾ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!