നെല്ലിക്കട്ട-അതൃക്കുഴി-പൊടിപ്പള്ളം റോഡ് നവീകരണം പാതി വഴിയിൽ;സിമന്റും രാസമിശ്രിതവും കലർന്ന പൊടിതിന്ന് നാട്ടുകാർ

ചെർക്കള: ദീർഘകാലത്തെ മുറവിളിക്കും കാത്തിരിപ്പിനുമൊടുവിൽ തുടങ്ങിയ റോഡ് നവീകരണ പ്രവൃത്തി പാതിവഴിയിൽ നിർത്തിയത് ജനങ്ങൾക്ക് ദുരിതമായി. ചെങ്കള പഞ്ചായത്തിലെ അതൃക്കുഴി-നെല്ലിക്കട്ട-പൊടിപ്പള്ളം റോഡ് നവീകരണമാണ് നാട്ടുകാരെ സിമന്റും രാസമിശ്രിതവും കലർന്ന ചെമ്മൺപൊടി തീറ്റിച്ച് രോഗികളാക്കിമാറ്റുന്നത്.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽപ്പെടുത്തിയുള്ള റോഡ് നവീകരണം 2023 ഡിസംബർ ആദ്യവാരമാണ് ഉദ്ഘാടനം ചെയ്തത്. പലവിധ കാരണങ്ങളാൽ നവീകരണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇതുസംബന്ധിച്ച ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ ഒരുമാസം മുൻപ് വീണ്ടും പണി തുടങ്ങി. റോഡ് കിളച്ച് സിമന്റും വെള്ളം ഇറങ്ങുന്നത് ഒഴിവാക്കുന്നതിനുള്ള രാസമിശ്രിതവും കലർത്തി നിരപ്പാക്കി. ഒരാഴ്ചയോളം റോഡ് അടച്ചിട്ടു.
തിരുവനന്തപുരത്തുനിന്നുളള സംഘത്തിന്റെ തുടർപരിശോധനയ്ക്ക് ശേഷമാണ് സാമിലേറ്റും ബിറ്റുമിൻ ടാറിങ്ങും ഉൾപ്പെടെയുള്ള തുടർന്നുള്ള പ്രവൃത്തികൾ ചെയ്യേണ്ടത്. പരിശോധനയ്ക്കായുള്ള സംഘത്തിന്റെ വരവ് നീണ്ടുപോകുന്നതാണ് തുടർപ്രവൃത്തികൾ നടത്തുന്നതിനിപ്പോൾ തടസ്സമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ അന്തരീക്ഷത്തിലേക്ക് ഉയരുന്ന പൊടി പരിസരമാകെ നിറയുകയാണ്. സ്കൂളിൽ പോകുന്ന കുട്ടികളിലും സമീപ വീടുകളിലുള്ളവർക്കും ചുമയും ജലദോഷവും ശ്വാസംമുട്ടും പിടിപെടുന്നു. വേനൽ കടുത്തുതുടങ്ങിയതോടെ പൊടിശല്യം ഏറെ രൂക്ഷമാണ്. റോഡിലെ പൊടിയെ തുടർന്ന് ഒരുമാസത്തോളമായി ശബ്ദംപോലും വരുന്നില്ലെന്ന് ആമൂസ് നഗർ സ്വദേശിയായ നെല്ലിക്കട്ട ടൗണിലെ ഓട്ടോഡ്രൈവർ പി.കെ. മൂസ പറഞ്ഞു.

