സ്വര്‍ണ്ണം കൊണ്ട് അലങ്കരിച്ച 100 മുറികളുള്ള കൊട്ടാരം, 3000 കോടിയുടെ ആഡംബര നൗക. ; ഖത്തര്‍ അമീറിന്റെ ആസ്തി ഞെട്ടിക്കുന്നത്

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയില്‍ എത്തിയിരിക്കുന്ന ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍ താനി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരിക്കുകയാണ്.
ഒരു പതിറ്റാണ്ടിന് ശേഷമാണ് ഖത്തർ അമീർ ഇന്ത്യയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിലെത്തിയ അമീറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. നിരവധി സുപ്രധാന കരാറുകളും ഖത്തർ അമീർ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവച്ചിട്ടുണ്ട്. ഇന്ത്യ-ഖത്തർ ഉഭയകക്ഷി ബന്ധം ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടുപോകുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി കാണാൻ കഴിയുന്നത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അല്‍ താനിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ സൂക്ഷിക്കുന്ന മികച്ച ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും ഏറെ സഹായകരമായിട്ടുണ്ട്.
ഖത്തറിന്റെ മുൻ അമീർ ആയ ഹമദ് ബിൻ ഖലീഫ അല്‍ താനിയുടെ രണ്ടാമത്തെ മകനാണ് തമീം അല്‍ താനി. 2013-ല്‍ അദ്ദേഹത്തിന്റെ പിതാവ് പിതാവ് സ്ഥാനത്യാഗം ചെയ്യുകയും തമീമിനെ ഖത്തറിന്റെ ഭരണ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 1980 ജൂണ്‍ 3 ന് ഖത്തറിലെ ദോഹയില്‍ വെച്ച് ജനിച്ച തമീം ബ്രിട്ടനിലെ ഷെർബോണ്‍ സ്കൂളിലും ഹാരോ സ്കൂളിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. റോയല്‍ മിലിട്ടറി അക്കാദമി സാൻഡ്ഹേഴ്സില്‍ നിന്നും 1998 ല്‍ ബിരുദം നേടുകയും ചെയ്തു. പഠനം പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങിയെത്തിയ തമീമിനെ അദ്ദേഹത്തിന്റെ പിതാവ് ഖത്തർ സായുധ സേനയില്‍ സെക്കൻഡ് ലെഫ്റ്റനന്റായി നിയമിച്ചു.
കായിക രംഗത്തോട് ഏറെ ആഭിമുഖ്യമുള്ള ഭരണാധികാരിയാണ് ഖത്തർ അമീർ. അറബ് ലോകത്തിലെ ഏറ്റവും മികച്ച കായിക വ്യക്തിത്വം എന്നാണ് തമീം അല്‍ താനി അറിയപ്പെടുന്നത്. 2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഉള്‍പ്പെടെ ഖത്തറിനെ ലോകരാജ്യങ്ങള്‍ക്കു മുൻപില് ഏറ്റവും മികച്ചതായി അവതരിപ്പിക്കാൻ തമീം അല്‍ താനി ശ്രമിച്ചു. കായികരംഗത്തോടുള്ള താല്പര്യം കാരണം 2004 ല്‍ അദ്ദേഹം ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് (ക്യുഎസ്ഐ) സ്ഥാപിച്ചു. പിന്നീട് 2011 ല്‍ ലോകപ്രശസ്ത ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബായ പാരീസ് സെന്റ്-ജെർമെയ്ൻ (പിഎസ്ജി) ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ്സ് ഏറ്റെടുത്തു. പിന്നീട് 2023 ല്‍, പോർച്ചുഗീസ് ക്ലബ്ബായ എസ്സി ബ്രാഗയില്‍ 21.7% ഓഹരികളും ക്യുഎസ്ഐ സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തില്‍ തന്നെ ഏറ്റവും വലിയ ആസ്തിയുള്ള രാജകുടുംബം ആയാണ് അല്‍ താനി കുടുംബം അറിയപ്പെടുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം അല്‍-താനി കുടുംബത്തിന്റെ ആകെ ആസ്തി ഏകദേശം 335 ബില്യണ്‍ ഡോളറാണ്. ഖത്തർ അമീർ തമീം അല്‍ താനിയുടെ വ്യക്തിഗത ആസ്തി 2.4 ബില്യണ്‍ ഡോളറാണെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. 100 മുറികളുള്ളതും സ്വർണ്ണം കൊണ്ട് അലങ്കരിച്ചതുമായ ദോഹ റോയല്‍ പാലസിലാണ് ഖത്തർ ഭരണാധികാരിയുടെ താമസം. 500 കാറുകള്‍ക്ക് പാർക്ക് ചെയ്യാവുന്ന ഗാരേജ് ഉള്‍പ്പെടെയുള്ളതാണ് ഈ ആഡംബര കൊട്ടാരം. നിരവധി ആഡംബര കാറുകള്‍ക്ക് പുറമെ, 3000 കോടി രൂപയുടെ ഒരു ആഡംബര നൗകയും തമീം അല്‍ താനിയ്ക്കുണ്ട്. ദി കത്താറ എന്ന ഈ ആഡംബര നൗക ലോകത്തിലെ തന്നെ ഏറ്റവും സവിശേഷമായത് ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് കൂടാതെ
ഖത്തർ അമീറിനും രാജകുടുംബത്തിനും മാത്രം സേവനം നല്കുന്ന സ്വന്തം വിമാനക്കമ്ബനിയും അദ്ദേഹത്തിന് ഉണ്ട്. ‘ഖത്തർ അമീരി എയർലൈൻസ്’ എന്ന ഈ വിമാന കമ്ബനി ഖത്തർ രാജകുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി 1977 മുതല്‍ പ്രവർത്തിച്ചുവരുന്നതാണ്. വലിയ അളവിലുള്ള പ്രകൃതിവാതക, എണ്ണ ശേഖരം മൂലം ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ഖത്തർ.

