സ്കൂള്‍ കുട്ടികളെപ്പോലെ കേരളവും തമിഴ്നാടും തല്ലുകൂടുന്നു: മുല്ലപ്പെരിയാറില്‍ സുപ്രീംകോടതി

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കേരളവും തമിഴ്നാടും സ്കൂൾ കുട്ടികളെപ്പോലെ തല്ല് കൂടുന്നുവെന്ന് സുപ്രീം കോടതി. അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട് ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി പുതിയ മേൽനോട്ട സമിതിക്ക് നിർദേശം നൽകി. ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമായ പരിഹാര നിർദേശങ്ങൾ കണ്ടെത്താൻ മേൽനോട്ട സമിതി ശ്രമിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തർക്കം നിലനിൽക്കുന്ന വിഷയങ്ങളിൽ റിപ്പോർട്ട് കൈമാറാനും സുപ്രീം കോടതി മേൽനോട്ട സമിതിയോട് നിർദേശിച്ചു.
മുല്ലപെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് 2014-ലെ ഭരണഘടനാ ബെഞ്ച് ഉത്തരവ് നടപ്പാക്കാൻ നിര്‍ദേശിക്കണമെന്ന തമിഴ്നാടിൻറെ ആവശ്യം പരിഗണിക്കുമ്പോഴാണ് ഇരുസംസ്ഥാനങ്ങളെയും സുപ്രീം കോടതി വിമർശിച്ചത്. മരം മുറിക്കാൻ അനുവദിക്കുന്നില്ല, മെറ്റൽ ബോട്ടുകൾക്ക് അനുമതി നൽകണം തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ ഉന്നയിക്കുന്നത് എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങളിൽ കോടതിയുടെ ഇടപെടൽ അനിവാര്യമാണോ എന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സൂര്യകാന്ത് ആരാഞ്ഞു. തുടർന്നാണ് കേസിൽ കേരളവും തമിഴ്നാടും സ്കൂൾ കുട്ടികളെ പോലെ തല്ല് കൂടുന്നുവെന്ന് കോടതി നിരീക്ഷിച്ചത്.
മരം മുറിക്കാനുള്ള അനുമതി, അണക്കെട്ടിലേക്കുള്ള റോഡ് നന്നാക്കൽ, കൂടുതൽ ബോട്ട് സർവീസ് അനുവദിക്കൽ തുടങ്ങിയ തമിഴ്നാടിൻറെ ആവശ്യങ്ങൾ ഉടൻ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു. ഒരു ആഴ്ചയ്ക്കുള്ളിൽ മേൽനോട്ട സമിതി യോഗം വിളിച്ച് ചേർക്കാൻ അധ്യക്ഷന്‍ സുപ്രീം കോടതി നിർദേശം നൽകി. ഇരുസംസ്ഥാനങ്ങൾക്കും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്താൻ മേൽനോട്ട സമിതി ശ്രമിക്കണം. തീരുമാനമാകാത്ത വിഷയങ്ങളിൽ റിപ്പോർട്ട് കൈമാറാനും സുപ്രീം കോടതി മേൽനോട്ട സമിതിക്ക് നിർദേശം നൽകി.
ചൂടേറിയ വാദ പ്രതിവാദങ്ങളുമായി കേരളവും തമിഴ്നാടും
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് ചൂടേറിയ വാദപ്രതിവാദമാണ് കേരളവും, തമിഴ്നാടും സുപ്രീം കോടതിയിൽ ഇന്ന് നടത്തിയത്. കഴിഞ്ഞ 25 വർഷമായി അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് തങ്ങൾ സ്വീകരിക്കുന്ന നടപടികൾ കേരളം തടസപ്പെടുത്തുന്നുവെന്ന് തമിഴ്നാടിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ശേഖർ നാഫ്ഡേ ആരോപിച്ചു. അണകെട്ട് സുരക്ഷിതമാണെന്ന് ഭരണഘടനാ ബെഞ്ച് തന്നെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ അണക്കെട്ടിന് ഇപ്പോൾ 25 വയസ് പ്രായം കൂടിയെന്ന് കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, അഭിഭാഷകൻ ജി. പ്രകാശും വാദിച്ചു. ഓരോ അഞ്ച് വർഷം കൂടുമ്പോഴും അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കേണ്ടതാണ്. എന്നാൽ അത് തമിഴ്നാട് വൈകിപ്പിക്കുകയാണെന്നും കേരളം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാനാകില്ലെന്ന് കേരളം കോടതിയെ അറിയിച്ചു.

