KSDLIVENEWS

Real news for everyone

വിദ്യാർഥികൾ പുസ്തകത്തിൽ ഒളിപ്പിച്ചു കടത്തിയത് 4.01 ലക്ഷം ഡോളർ; പുണെയിൽ വൻ ഹവാലവേട്ട, അറസ്റ്റ്

SHARE THIS ON

പുണെ: പുസ്തകങ്ങളുടെ പേജുകൾക്കിടയിൽ 4.01 ലക്ഷം ഡോളർ (3.5 കോടി രൂപ) ഒളിപ്പിച്ചു കടത്തിയ വിദ്യാർഥികൾ പുണെ വിമാനത്താവളത്തിൽ പിടിയിൽ. ദുബായിൽ നിന്നെത്തിയ 3 വിദ്യാർഥികളാണു പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നു കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണു (എഐയു) ഇവരുടെ ബാഗുകൾ പരിശോധിച്ചത്. കഴിഞ്ഞയാഴ്ച നടന്ന വൻ ഹവാല വേട്ടയുടെ വിശദാംശങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.

പണം കൊണ്ടുവന്ന ട്രോളി ബാഗുകൾ പുണെ ആസ്ഥാനമായുള്ള ട്രാവൽ ഏജന്റ് ഖുഷ്ബു അഗർവാളിന്റേതാണെന്നു ചോദ്യം ചെയ്യലിൽ വിദ്യാർഥികൾ മൊഴി നൽകി. ‘‘പുണെയിൽനിന്നു പുറപ്പെടുന്നതിനു തൊട്ടുമുൻപ്, ദുബായിലെ തന്റെ ഓഫിസിൽ അടിയന്തരമായി ആവശ്യമുള്ള ഓഫിസ് രേഖകൾ ഉണ്ടെന്നു പറഞ്ഞ് ഖുഷ്ബു 2 ബാഗുകൾ വിദ്യാർഥികളെ എൽപ്പിച്ചു. വിദ്യാർഥികൾ ഈ ബാഗുകളുമായാണു പോയതും തിരിച്ചുവന്നതും. വിദേശ കറൻസി ഈ ബാഗുകളിൽ ഒളിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞില്ലെന്നാണു വിദ്യാർഥികളുടെ മൊഴി.’’– എഐയു ഉദ്യോഗസ്ഥർ പറഞ്ഞു.

3 യാത്രക്കാരെ ഉപയോഗിച്ച് ഒരാൾ ഇന്ത്യയിൽനിന്നു വിദേശത്തേക്കു 2 ട്രോളി ബാഗുകളിൽ വൻതോതിൽ വിദേശ കറൻസി ഒളിപ്പിച്ചു കടത്തിയെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ട്രോളി ബാഗിൽ പുസ്തങ്ങൾക്കിടയിലായിരുന്നു പണം. വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തതിനു പിന്നാലെ ഖുഷ്ബു അഗർവാളിനെ കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ടു മുംബൈയിലെ വിദേശ പണമിടപാടു സ്ഥാപനത്തിലും പരിശോധന നടന്നു. ഇവിടെനിന്നു 45 ലക്ഷം രൂപയുടെ വിദേശ കറൻസി പിടിച്ചെടുത്തു. യുഎസ് കറൻസി വിതരണം ചെയ്ത മുഹമ്മദ് ആമിർ എന്നയാളെയും അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!