ആഗോള കപ്പല്‍ നിര്‍മാണ ഭീമന് ഇന്ത്യയിലേക്ക്, നിക്ഷേപത്തിനായി മത്സരിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കപ്പല്‍നിര്‍മാണശാല ആരംഭിക്കാനുള്ള പദ്ധതിയുമായി കപ്പല്‍നിര്‍മാണവ്യവസായത്തില്‍ അഗ്രഗണ്യരായ ഹ്യുണ്ടായി ഹെവി ഇന്‍ഡസ്ട്രീസ് (HHI-എച്ച്.എച്ച്.ഐ.). നിര്‍മാണശാലയ്ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി എച്ച്.എച്ച്.ഐയുടെ പ്രതിനിധികള്‍ ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കപ്പല്‍നിര്‍മാണത്തില്‍ ആഗോളവിപണിയുടെ ഏകദേശം പത്തുശതമാനം ഓഹരി സ്വന്തമായുള്ള കമ്പനിയാണ് ദക്ഷിണ കൊറിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്.എച്ച്.ഐ. തമിഴ്നാട്ടിലെ തൂത്തുക്കുടി, കടലൂര്‍ എന്നീ സ്ഥലങ്ങളിലാണ് കമ്പനി പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയത്.
ഇന്ത്യന്‍ ബഹുരാഷ്ട്രക്കമ്പനിയായ എല്‍&ടി (L&T)യുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സാധ്യത എച്ച്.എച്ച്.ഐ തേടുന്നുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. തമിഴ്നാട് രാമനാഥപുരത്തെ കാട്ടുപ്പള്ളിയില്‍ എല്‍&ടിയുടെ കപ്പല്‍നിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കപ്പല്‍നിര്‍മാണം, കപ്പല്‍ഭാഗങ്ങളുടെ യോജിപ്പിക്കല്‍, കപ്പലുകളുടെ രൂപമാറ്റം എന്നിവയാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. തമിഴ്നാടിനുപരിയായി മറ്റ് സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളും എച്ച്.എച്ച്.ഐ.യുടെ പരിഗണനയിലുണ്ട്.
പ്രതിരോധമേഖല ഉള്‍പ്പെടെയുള്ള ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയില്‍ നിര്‍മാണശാല ആരംഭിക്കാനാണ് എച്ച്.എച്ച്.ഐ. താത്പര്യപ്പെടുന്നത്. അതേസമയം കപ്പല്‍നിര്‍മാണശാല തങ്ങളുടെ പ്രദേശത്താരംഭിക്കണമെന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ -പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര- മത്സരം ഉടലെടുത്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുവരുന്ന വിവരങ്ങള്‍.
2023 ഡിസംബറില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറി ടി.കെ.രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ദക്ഷിണ കൊറിയയിലെ കപ്പല്‍നിര്‍മാണകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇന്ത്യയിലെ കപ്പല്നിര്മാണമേഖലയുടെ പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനായി ദക്ഷിണ കൊറിയയുടെ സഹവര്‍ത്തിത്വത്തിനുള്ള സാധ്യത തേടിയിരുന്നു. എച്ച്.ഡി. ഹ്യുണ്ടായി ഉള്‍പ്പെടെയുള്ള നിര്‍മാണകമ്പനികളുടെ പ്രതിനിധികളുമായി സിയോളില്‍ കേന്ദ്രസംഘം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കപ്പല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ, എച്ച്.എച്ച്.ഐ. ഇന്ത്യയുമായി പങ്കുവെക്കുകയും വിവിധ ഉപകരണനിര്മാതാക്കളുമായി എച്ച്.എച്ച്.ഐ.യ്ക്കുള്ള കരാറുകള്‍ ഇന്ത്യയുടെ കപ്പല്നിര്മാണമേഖലയ്ക്ക് കൂടി പ്രാപ്യമാക്കുകയും ചെയ്യുമെന്നാണ് സൂചന. ആഗോള കപ്പല്നിര്മാണമേഖലയില് പ്രമുഖസ്ഥാനത്തെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് പരിപൂര്ണപിന്തുണയുമായാണ് എച്ച്.എച്ച്.ഐയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ്. ആഗോള കപ്പല്നിര്മാണമേഖലാപ്രവര്ത്തനങ്ങളുടെ ഒരുശതമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ളത്. 2030 ഓടെ ആഗോളതലത്തില്‍ ആദ്യപത്തിലെത്തണമെന്നും 2047ല്‍ ആദ്യ അഞ്ചാംസ്ഥാനങ്ങളിലെത്തണമെന്നും ഇന്ത്യ ലക്ഷ്യമിടുന്നു.
പത്തുവര്‍ഷക്കാലയളവിനുള്ളില്‍ 1,000 കപ്പലുകളുടെ നിര്‍മാണവും അതിലൂടെ പുതിയൊരു കപ്പല്വ്യവസായകേന്ദ്രവുമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. ഇതിലൂടെ 2047 ആകുമ്പോഴേക്കും രാജ്യത്തിന്റെ ചരക്കുഗതാഗതച്ചെലവ് മൂന്നിലൊന്നായി കുറയ്ക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടേയും വിദേശകമ്പനികളുടേയും പങ്കാളിത്ത ഉടമസ്ഥാവകാശത്തിലൂടെ വ്യാവസായിക വരുമാനം വര്‍ധിപ്പിക്കാമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
പാരിസ്ഥിതികാനുകൂല നിയന്ത്രണങ്ങളുടേയും ചട്ടങ്ങളുടേയും വര്‍ധനവും വ്യാപാരരംഗത്തുണ്ടായ വളര്‍ച്ചയും കപ്പലുകളുടെ ആവശ്യം വര്‍ധിപ്പിച്ചിരിക്കുന്നതായി ഒരു വ്യവസായ വിദഗ്ധന്‍ പറഞ്ഞു. നിലവില്‍ കപ്പലുകളുടെ പരിമിതമായ എണ്ണം ചരക്കു ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വിദധ്ധന് പറഞ്ഞു. ആഭ്യന്തരകപ്പല്‍ നിര്‍മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന പ്രാധാന്യത്തെ കൊറിയയ്ക്ക് പുറത്തേക്കുകൂടി തങ്ങളുടെ വ്യവസായം വികസിപ്പിക്കാനുള്ള പ്രത്യേക അവസരമായി എച്ച്.എച്ച്.ഐയ്ക്ക് കാണാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1947 ല്‍ ചുങ് ജു-യുങ്ങാണ് എച്ച്.ഡി. ഹ്യുണ്ടായി ഗ്രൂപ് സ്ഥാപിച്ചത്. 1972 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കപ്പല്നിര്മാണവ്യവസായം തുടക്കമിട്ടതും. 1972 ലാണ് നിര്‍മാണം ആരംഭിച്ചത്. കൊറിയയിലെ ഉല്‍സാനിലെ മിപോ കടലിടുക്കില്‍ ഏകദേശം നാല് കിലോമീറ്റര്‍ വിസ്തൃതിയിലാണ് നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്. പത്ത് വന്‍കിട ഡ്രൈഡോക്കുകളും ഒന്‍പത് ‘ഗോലിയാത്ത് ക്രെയിനു’കളും ഇവിടെയുണ്ട്. 2023 വരെയുള്ള കാലയളവില്‍ 51 രാജ്യങ്ങളില്‍നിന്നുള്ള 335 കക്ഷികള്‍ക്കായി 2,300 ലധികം കപ്പലുകള്‍ ഇവര്‍ നിര്‍മിച്ചുനല്‍കി. കമ്പനിയുടെ വിവിധ വകുപ്പുകളിലായി ഏകദേശം 15,000 ഓളം ജീവനക്കാരുണ്ട്.

