കേന്ദ്ര കാർഷിക ബില്ലിനെ മറികടക്കാനുള്ള ബില്ലുകള് അവതരിപ്പിച്ച് രാജസ്ഥാനും

ജയ്പുർ : കഴിഞ്ഞ മാസം പാർലമെന്റ് അനുമതി നൽകിയ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ മൂന്ന് ബില്ലുകൾ നിയമ സഭയിൽ അവതരിപ്പിച്ച് രാജസ്ഥാൻ സർക്കാർ. പഞ്ചാബിന്റെയും ചത്തീസ്ഗഢിന്റെയും ചുവടുപിടിച്ചാണ് ഈ പുതിയ നീക്കം .പഞ്ചാബ് നിയമസഭ നാല് പുതിയ ഫാം ബില്ലുകൾ ഈ മാസമാദ്യം പാസാക്കിയിരുന്നു. കേന്ദ്രവ്യവസ്ഥകളെ ഇല്ലാതാക്കുന്നതും എംഎസ്പിക്ക് താഴെയുള്ള ഗോതമ്പും നെല്ല് വിൽക്കുന്നതിനും വാങ്ങുന്നതിനും വിലക്ക് നൽകുന്നതുമായ ഭേദഗതി ബില്ലുകളായിരുന്ന ഇതിൽ മൂന്നെണ്ണം. ഛത്തീസ്ഗഡ് നിയമസഭയും ഇത്തരത്തിൽ ചത്തീസ്ഗഢ് കൃഷി ഉപാജ് മണ്ഡി (ഭേദഗതി) ബിൽ 2020 ന് അംഗീകാരം നൽകിയിരുന്നു.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ രാജസ്ഥാനിലെ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ അവശ്യവസ്തുക്കളുടെ ബിൽ, കർഷക ശാക്തീകരണ സംരക്ഷണ ബിൽ, ന്യായവില ഉറപ്പ് നൽകുന്ന കാർഷിക സേവന ബിൽ, കർഷക വ്യാപാര വാണിജ്യ ഉത്പാദന ബിൽ എന്നിവ അവതരിപ്പിച്ചിരുന്നു. രാജസ്ഥാൻ കോഡ് ഓഫ് പ്രൊസീജ്യർ ബില്ലും ഈ നിയമസഭാ സമ്മേളനത്തിൽ ധരിവാൾ അവതരിപ്പിച്ചിരുന്നു.
സംസ്ഥാനങ്ങളെ ആത്മവിശ്വാസത്തിലെടുക്കാതെ കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾ വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയതായി രാജസ്ഥാൻ മന്ത്രി പ്രതാപ് ഖചരിയവാസ് പറഞ്ഞു.” കേന്ദ്രം കർഷകരോട് കള്ളം പറയുകയാണ്, എന്നാൽ ഞങ്ങൾ അവരുടെ അവകാശങ്ങൾ നേടാൻ ശ്രമിക്കുകയാണ്, പഞ്ചാബിലുള്ളതിന് സമാനമായ കാർഷിക ബില്ലുകൾ ഇവിടെ പാസാക്കും, അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 254 (2) പ്രകാരം, ഒരു സംസ്ഥാനത്തിന് കൺകറന്റ് ലിസ്റ്റിൽ പെട്ട കേന്ദ്ര നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ബില്ലുകൾ നിയമസഭ പാസാക്കിയാൽ, അത് ഗവർണർ വഴി രാഷ്ട്രപതിക്ക് കൈമാറും, പിന്നീട് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഭിപ്രായം തേടും. നിയമ നിർമ്മാണങ്ങൾ കേന്ദ്ര മന്ത്രിസഭയ്ക്ക് അവരുടെ ഉപദേശത്തിനായും അയച്ചുകൊടുക്കാറുണ്ട്. ഇതാണ് നടപടിക്രമം.
വിവാദമായ കാർഷിക നിയമങ്ങളിലെ വ്യവസ്ഥകൾ മറികടന്ന് കൊണ്ട് ബില്ലുകൾ പാസാക്കാൻ കഴിഞ്ഞ മാസം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പാർട്ടി ഹൈക്കമാൻഡ് കരട് ബിൽ സംസ്ഥാനങ്ങൾക്ക് കൈമാറുകയും ചെയ്തിരുന്നു.

