KSDLIVENEWS

Real news for everyone

നാലാം ദിനം വിദർഭയെ വിറപ്പിച്ച് കേരളം, ഏഴു റൺസിനിടെ രണ്ടു വിക്കറ്റുകൾ വീണു, കരുണിന്റെ ക്യാച്ച് പാഴാക്കി അക്ഷയ് ചന്ദ്രന്‍

SHARE THIS ON

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന വിദർഭയെ തുടക്കത്തിൽ തന്നെ വിറപ്പിച്ച് കേരളം. ഏഴു റൺസെടുക്കുന്നതിനിടെ വിദർഭയുടെ രണ്ടു വിക്കറ്റുകൾ വീണു. പാർഥ് രേഖ‍ഡെ (ഒന്ന്), ധ്രുവ് ഷോറെ (അഞ്ച്) എന്നിവരാണു ആദ്യ ഓവറുകളിൽ പുറത്തായത്. ജലജ് സക്സേനയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിദർഭയുടെ ആദ്യ വിക്കറ്റ് തെറിച്ചു. ജലജിന്റെ പന്തിൽ രേഖഡെ ബോൾഡാകുകയായിരുന്നു. എം.ഡി. നിധീഷിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ‘എഡ്ജായ’ ധ്രുവ് ഷോറെയെ തകർപ്പനൊരു ഡൈവിലൂടെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ കൈപ്പിടിയിലാക്കി. മത്സരം 20 ഓവറുകൾ പിന്നിടുമ്പോൾ 58 റൺസെന്ന നിലയിലാണു വിദർഭ. ഡാനിഷ് മലേവാറും (52 പന്തിൽ 16), കരുൺ നായരുമാണ് (61 പന്തിൽ 33) ക്രീസിൽ. ഏദൻ ആപ്പിൾ ടോം എറിഞ്ഞ 18–ാം ഓവറിൽ കരുൺ നായരെ പുറത്താക്കാൻ ലഭിച്ച അവസരം കേരളം പാഴാക്കി. കരുണിന്റെ ബാറ്റിൽ തട്ടിയ പന്ത് സ്ലിപ്പിൽ നിൽക്കുകയായിരുന്ന അക്ഷയ് ചന്ദ്രൻ വിട്ടുകളയുകയായിരുന്നു.

സച്ചിന് സെഞ്ചറി നഷ്ടം, വിദർഭയ്ക്ക് ലീഡ്

ആദ്യ ഇന്നിങ്സിൽ കേരളം 125 ഓവറിൽ 342 റൺസെടുത്തു പുറത്തായതോടെ, 37 റൺസ് ലീഡാണു വിദർഭ സ്വന്തമാക്കിയത്. 235 പന്തിൽ 98 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് ആദ്യ ഇന്നിങ്സിൽ കേരളത്തിന്റെ ടോപ് സ്കോറർ. 185 പന്തിൽ 79 റൺസടിച്ച ആദിത്യ സർവാതേയും വെള്ളിയാഴ്ച തിളങ്ങിയെങ്കിലും വാലറ്റം പ്രതിരോധങ്ങളില്ലാതെ കീഴടങ്ങിയത് കേരളത്തിനു തിരിച്ചടിയായി.സൽമാൻ നിസാർ (42 പന്തിൽ 21), മുഹമ്മദ് അസ്‌ഹറുദ്ദീന്‍ (59 പന്തിൽ 34), ജലജ് സക്സേന (76 പന്തില്‍ 28), ഏദൻ ആപ്പിൾ ടോം (52 പന്തിൽ 10), എം.ഡി. നിധീഷ് (11 പന്തിൽ ഒന്ന്) എന്നിവരാണു വെള്ളിയാഴ്ച പുറത്തായ മറ്റു കേരള ബാറ്റര്‍മാർ.  മൂന്നിന് 131 എന്ന നിലയിലാണ് കേരളം മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയത്. ആദിത്യ സർവാതേയെ പുറത്താക്കി വിദർഭ മത്സരത്തിലേക്കു തിരികെയെത്തുകയായിരുന്നു. ഹർഷ് ദുബെയെറിഞ്ഞ 56–ാം ഓവറിലെ അവസാന പന്ത് ആദിത്യ സർവാതെയുടെ ബാറ്റിൽ തട്ടി ഉയർന്നുപൊങ്ങിയപ്പോൾ ഡാനിഷ് മലേവാർ പിടിച്ചെടുത്തു. 152 പന്തിൽ 63 റൺസ് കൂട്ടിച്ചേർത്ത സർവാതേ– സച്ചിൻ ബേബി സഖ്യം പൊളിക്കാൻ സാധിച്ചത് വിദർഭയ്ക്കു കളിയുടെ നിയന്ത്രണം നൽകി.

21 റൺസെടുത്ത സൽമാൻ നിസാറിനെ ഹർഷ് ദുബെ എൽബിഡബ്ല്യുവിൽ കുടുക്കുകയായിരുന്നു. സൽമാൻ നിസാർ ‍ഡിആര്‍എസിനു പോയെങ്കിലും റീപ്ലേയിൽ ഔട്ടെന്നു വ്യക്തമായി. ലഞ്ചിനു പിരിയുന്നതിനു തൊട്ടുമുൻപായിരുന്നു സൽ‌മാൻ നിസാറിനെ കേരളത്തിനു നഷ്ടമായത്. 95–ാം ഓവറിലെ ആദ്യ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീനെ ദർശന്‍ നൽകണ്ടെ വിക്കറ്റിനു മുന്നിൽ കുടുക്കി. സെഞ്ചറിക്കു തൊട്ടുമുൻപ് ക്യാപ്റ്റനെ നഷ്ടമായത് കേരളത്തിനു വലിയ തിരിച്ചടിയായി.സ്കോർ 324 ൽ നിൽക്കെ പാർഥ് രേഖഡെയുടെ പന്തിൽ വിദര്‍ഭയുടെ മലയാളി താരം കരുൺ നായർ ക്യാച്ചെടുത്താണു സച്ചിനെ പുറത്താക്കിയത്. 76 പന്തിൽ 28 റൺസെടുത്ത ജലജ് സക്സേനയും മടങ്ങിയതോടെ കേരളം അപകടം മണത്തു. പാർഥ് രേഖ‍ഡെയെറിഞ്ഞ 119–ാം ഓവറിൽ ജലജ് ബോൾഡാകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മത്സരങ്ങളിലെല്ലാം അവസരത്തിനൊത്ത് ഉയർന്ന വാലറ്റം പ്രതിരോധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ അതു സംഭവിച്ചില്ല. 338ൽ എം.ഡി. നിധീഷും (ഒന്ന്) 342 ൽ ഏദൻ ആപ്പിൾ ടോമും (52 പന്തിൽ പത്ത്) മടങ്ങിയതോടെ ആദ്യ ഇന്നിങ്സ് ലീ‍ഡെന്ന കേരളത്തിന്റെ സ്വപ്നം ലക്ഷ്യം കാണാതെ പോയി.

മധ്യനിര തകരുന്നതായുള്ള സൂചന ലഭിച്ചിട്ടും പെട്ടെന്നു ലീഡെടുക്കാൻ ശ്രമിക്കാതെ കൂടുതൽ പ്രതിരോധത്തിലേക്കു പോയതാണ് കേരളത്തെ 342 ൽ ഒതുക്കിയത്. കേരളം പ്രതിരോധത്തിലേക്കു വലിഞ്ഞതോടെ വിദർഭ ബോളർമാർ ആവേശത്തിലായി. ദർശൻ നൽകണ്ടെ, പാർഥ് രേഖഡെ, ഹർഷ് ദുബെ എന്നിവര്‍ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. കേരള ബാറ്റർമാരായ അക്ഷയ് ചന്ദ്രൻ (14), രോഹന്‍ എസ്. കുന്നുമ്മൽ (പൂജ്യം), അഹമ്മദ് ഇമ്രാൻ (83 പന്തിൽ 37) എന്നിവർ രണ്ടാം ദിവസം തന്നെ പുറത്തായിരുന്നു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ ആദ്യ ഇന്നിങ്സിൽ 379 റൺസെടുത്തു പുറത്തായിരുന്നു. മത്സരം സമനിലയിൽ അവസാനിച്ചാൽ ആദ്യ ഇന്നിങ്സ് ലീഡിന്റെ കരുത്തിൽ വിദർഭ വിജയികളാകും. രണ്ടു ദിവസത്തെ മത്സരം ബാക്കിയുള്ളപ്പോൾ, വിദർഭയുടെ രണ്ടാം ഇന്നിങ്സ് അതിവേഗം അവസാനിപ്പിക്കാൻ സാധിച്ചാൽ കേരളത്തിന് മത്സരത്തിലേക്കു തിരികെയെത്താം.രഞ്ജിയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തുന്ന താരമെന്ന നേട്ടം വിദര്‍ഭയുടെ ഇടംകയ്യൻ സ്പിന്നർ ഹർഷ് ദുബെ സ്വന്തമാക്കി. കേരളത്തിനെതിരായ മൂന്ന് വിക്കറ്റുകളോടെ ഈ സീസണിൽ ഹർഷ് ദുബെയുടെ ആകെ വിക്കറ്റ് നേട്ടം 69 ആയി. ഇതോടെ 2018-19 സീസണിൽ 68 വിക്കറ്റുകൾ വീഴ്ത്തിയ ബിഹാർ താരം അശുതോഷ് അമന്റെ റെക്കോർഡാണ് ഹർഷ് ദുബെ മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!