KSDLIVENEWS

Real news for everyone

ജില്ലയിലെ 47 അങ്കണവാടികൾക്ക് സ്വകാര്യഭൂമി കണ്ടെത്താൻ കലക്ടറുടെ നിർദേശം

SHARE THIS ON

കാസർകോട്: ജില്ലയിലെ 47 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും സർക്കാർ ഭൂമി ലഭ്യമല്ലാത്തതാണ് ഇതിന് കാരണമെന്നും കലക്ടർ കെ.ഇമ്പശേഖർ. ഈ പ്രതിസന്ധി മറികടക്കുന്നതിനായി സ്വകാര്യ ഭൂമികൾ കണ്ടെത്തി പദ്ധതി തയാറാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും സെക്രട്ടറിമാർക്കും നിർദേശം നൽകി.

അങ്കണവാടികൾ സ്വന്തം കെട്ടിടമാകുന്നതോടെ ജില്ലയ്ക്ക് അതൊരു ഐഡന്റിറ്റിയായി മാറും. ഇതുപോലെ സ്ഥലം കണ്ടെത്തുകയും കണ്ടെത്തിയ സ്ഥലങ്ങൾ പിന്നീട് വിവിധ കമ്പനികളുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചോ അല്ലെങ്കിൽ കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയോ ഏറ്റെടുക്കാൻ സാധിക്കുമെന്നും ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കലക്ടർ പറഞ്ഞു.

 നൈപുണ്യ വികസന പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾ 10 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും ഇതിനായി മാറ്റിവയ്ക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് ഇതിനായി 90 ലക്ഷം രൂപ മാറ്റിവച്ചിട്ടുണ്ട്. 

പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് സംയുക്ത പദ്ധതികളും ആവിഷ്‌കരിക്കണം. നോളജ് ഇക്കണോമിക് മിഷന് നേതൃത്വം നൽകുന്ന മുൻ  മന്ത്രി ടി.എം.തോമസ് ഐസക് 12ന് ജില്ലയിൽ എത്തും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും മറ്റ് ജീവനക്കാർക്കും ഇതിന്റെ ഭാഗമായി സെമിനാർ നടത്തും.

ജില്ലാ പഞ്ചായത്ത് 14, 15, 16 തീയതികളിൽ മടിക്കൈ ടി.എസ്.തിരുമുമ്പ് സാംസ്‌കാരിക സമുച്ചയത്തിൽ നടത്തുന്ന സമം സാംസ്‌കാരികോത്സവത്തിന് ജനപ്രതിനിധികളുടെ പിന്തുണവേണം. 14ന് വൈകിട്ട് സാംസ്‌കാരിക ഘോഷയാത്ര, സാംസ്‌കാരിക സദസ്സ്, നാടകം എന്നിവ നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ വനിതാ ജനപ്രതിനിധികളും വിവിധ മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച വനിതകളും വിവിധ പരിപാടികളുടെ ഭാഗമാകും.

 10ന് ധനകാര്യ കമ്മിഷൻ ജില്ല സന്ദർശിക്കും. 2നു തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ജനപ്രതിനിധികളുമായി സംവദിക്കും. വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു വികസന പദ്ധതിയിൽ 2023–24 വർഷത്തെ മികച്ച സേവനത്തിനുള്ള കലക്ടർക്കുള്ള സംസ്ഥാനതല അവാർഡിന് അർഹനായ കലക്ടറെയും പിന്നിൽ പ്രവർത്തിച്ചവരെയും അഭിനന്ദിച്ചു.

 ജില്ലാ ആസൂത്രണ സമിതിയുടെ ഭാഗമായി 48 തദ്ദേശ സ്ഥാപനങ്ങൾ പദ്ധതി ഭേദഗതികൾ സമർപ്പിച്ചു. ഇതിൽ 46 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികളും അംഗീകരിച്ചു. 2 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പരിശോധിച്ചതിനു ശേഷം അംഗീകരിക്കുമെന്നും ആസൂത്രണ സമിതി അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ശകുന്തള, എം.മനു, എസ്.എൻ.സരിത, ഗീതാ കൃഷ്ണൻ, ഡിപിസി അംഗങ്ങളായ സി.ആർ.രാമചന്ദ്രൻ, വി.വി.രമേശൻ, ഗോൾഡൻ അബ്ദുറഹ്‌മാൻ, എ.പി.ഉഷ, ജാസ്മിൻ കബീർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പ്ലാനിങ് ഓഫിസർ ടി.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!