വൈഭവും വരുണും എറിഞ്ഞിട്ടു: ഐ.പി.എല്ലില്‍ ബൗളിങ് കരുത്തില്‍ സണ്‍റൈസേഴ്സിനെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ബാറ്റിങ് കരുത്തിന് പേരുകേട്ട സണ്‍റൈസേഴ്സ് ഹൈദരാബാദിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ബൗളിങ് കരുത്തില്‍ 80 റണ്‍സിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം. 201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 16.4 ഓവറില്‍ 120 റണ്‍സിന് ഓള്‍ഔട്ടായി. സീസണില്‍ കൊല്‍ക്കത്തയുടെ രണ്ടാം ജയമാണിത്.
നാല് ഓവറില്‍ 29 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ വൈഭവ് അറോറയും 22 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയുമാണ് ഹൈദരാബാദിനെ തകര്‍ത്തത്.
ട്രാവിസ് ഹെഡ് (4), അഭിഷേക് ശര്‍മ (2), ഇഷാന് കിഷന് (2) തുടങ്ങി ഹൈദരാബാദ് നിരയിലെ പേരുകേട്ട ബാറ്റര്‍മാര്‍ക്കെല്ലാം കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ പിഴച്ചു. 21 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം 33 റണ്‍സെടുത്ത ഹെന് റിച്ച് ക്ലാസനാണ് ഹൈദരാബാദിന്റെ ടോപ് സ്കോറര്‍. ക്ലാസനെ കൂടാതെ കാമിന്ദു മെന്‍ഡിസ് (27), നിതീഷ് കുമാര്‍ റെഡ്ഡി (19), ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (14) എന്നിവര്‍ മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കണ്ടത്. ആന്ദ്രേ റസ്സല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 200 റണ്‍സെടുത്തത്. മോശം തുടക്കത്തിനു ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചുവരവ്. ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡിക്കോക്ക് (1), സുനില്‍ നരെയ്ന് (7) എന്നിവരെ മൂന്ന് ഓവറുകള്‍ക്കുള്ളില്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ-ആംഗ്രിഷ് രഘുവംശി സഖ്യം 81 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്നിങ്സ് ട്രാക്കിലാക്കി. 27 പന്തില്‍നിന്ന് 38 റണ്‍സെടുത്ത രഹാനെയെ പുറത്താക്കി സീഷാന്‍ അന്‍സാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലു സിക്സും ഒരു ഫോറുമടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നാലെ അര്‍ധ സെഞ്ചുറി തികച്ച രഘുവംശിയെ കാമിന്ദു മെന്‍ഡിസും പുറത്താക്കി. 32 പന്തില്‍നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 50 റണ്‍സെടുത്താണ് താരം മടങ്ങിയത്.
പിന്നീടായിരുന്നു കൊല്‍ക്കത്തയുടെ വെടിക്കെട്ട് കൂട്ടുകെട്ടിന്റെ പിറവി. അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച വെങ്കടേഷ് അയ്യര്‍-റിങ്കു സിങ് സഖ്യം അക്ഷരാര്‍ഥത്തില്‍ ഹൈദരാബാദ് ബൗളര്‍മാരെ പഞ്ഞിക്കിട്ടു. വെങ്കടേഷായിരുന്നു കൂടുതല്‍ അപകടകാരി. വെറും 29 പന്തില്‍നിന്ന് 60 റണ്‍സെടുത്ത താരം അവസാന ഓവറിലാണ് പുറത്തായത്. മൂന്ന് സിക്സും ഏഴ് ഫോറുമടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിങ്സ്. റിങ്കു 17 പന്തില്‍നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 32 റണ്‍സോടെ പുറത്താകാതെനിന്നു. വെറും 41 പന്തില്‍നിന്ന് 91 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്.

