30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിക്കസേര തെറിക്കും, നിർണായക ബില്ല് ഉടൻ; ജെപിസി അംഗീകാരം നൽകിയേക്കും

ന്യൂഡൽഹി: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതിയായി 30 ദിവസം തുടർച്ചയായി തടവിലാക്കപ്പെട്ടാൽ മന്ത്രിസ്ഥാനങ്ങളിൽ നീക്കം ചെയ്യാൻ കഴിയുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ജോയന്റ് പാർലമെന്ററി കമ്മിറ്റി (ജെപിസി) അംഗീകാരം നൽകിയേക്കും. ജൂലായ് 20-ന് ആരംഭിക്കാൻ സാധ്യതയുള്ള പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ കൊണ്ടുവരുന്നതിന് മുന്നോടിയായിട്ടാണ് ജെപിസി ഇതിന് അംഗീകാരം നൽകുന്നത്. ജൂലായ് 17ന് ജെപിസിയുടെ അംഗീകാരം ബില്ലിന് ലഭിച്ചേക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, അല്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും മന്ത്രിമാർ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 30 ദിവസം തുടർച്ചയായി അറസ്റ്റിലായി കസ്റ്റഡിയിൽ തടവിലാക്കപ്പെട്ടാൽ അവരെ നീക്കം ചെയ്യാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് ബിൽ. രാഷ്ട്രീയ എതിരാളികൾക്കുനേരെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബില്ലിനെ പ്രതിപക്ഷം എതിർക്കുന്നുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ചിരുന്നു. തുടർന്ന് ബിജെപി എംപി അപരാജിത സാരംഗി അധ്യക്ഷയായ 31 അംഗ പാർലമെന്ററി പാനൽ ഇത് പരിശോധിക്കാൻ രൂപീകരിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ ആശങ്കകൾ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും റബ്ബർ സ്റ്റാമ്പാക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷ എംപിമാർ ജെപിസിയുടെ നടപടികൾ ബഹിഷ്‌കരിച്ചിരുന്നു.
ബിൽ ജനാധിപത്യവിരുദ്ധവും ഫെഡറൽ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ശിക്ഷിക്കപ്പെട്ടാൽ നടപടി എടുക്കുന്നതിന് പകരം കസ്റ്റഡി അടിസ്ഥാനമാക്കി പൊതുപ്രതിനിധികളെ ശിക്ഷിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. 30 ദിവസത്തിനുള്ളിൽ ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ജാമ്യത്തിനായി അപേക്ഷിക്കാമെന്നും അതുകൊണ്ട് തന്നെ ഇത് നീതിന്യായ വ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്നും ഭരണപക്ഷവും വാദിക്കുന്നു.
പാനലിലെ പ്രതിപക്ഷ എംപിമാരുടെ വിയോജന കുറിപ്പോടെയായിരിക്കും ബില്ലിന് അംഗീകാരം നൽകുക. പാനലിൽ ബിജെപി-എൻഡിഎ അംഗങ്ങളാണ് കൂടുതൽ.
അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്തതായി ആരോപണവിധേയനായ മന്ത്രി അറസ്റ്റിലാവുകയും 30 ദിവസം തുടർച്ചയായി തടവിലാക്കപ്പെടുകയും ചെയ്താൽ നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന (130ാം ഭേദഗതി) ബിൽ, 2025. നിർദ്ദിഷ്ട ബില്ലിന്റെ കരട് അനുസരിച്ച്, മന്ത്രിമാർക്കെതിരെ പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഉപദേശപ്രകാരം രാഷ്ട്രപതിക്കോ ഗവർണ്ണർക്കോ നടപടി സ്വീകരിക്കാം. അല്ലെങ്കിൽ 31-ാം ദിവസം സ്ഥാനത്തുനിന്ന് പുറത്താക്കപ്പെടും. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ കാര്യത്തിൽ അതാത് സംസ്ഥാന ഗവർണർമാർക്കോ രാഷ്ട്രപതിക്കോ തീരുമാനമെടുക്കാം.

