പഹല്‍ഗാം: അഞ്ചിലേറെ ഭീകരര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ അഞ്ചിലേറെയുണ്ടെന്ന് ദൃക്സാക്ഷികള്‍ സുരക്ഷാ ഏജന്‍സികളെ അറിയിച്ചതായി റിപ്പോര്‍ട്ട്. ടൂറിസ്റ്റ് കേന്ദ്രത്തിന് പുറത്തും ബൈസരണ്‍ താഴ്വരയുടെ വിവിധ ദിശകളില്‍ നിന്നും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
നേപ്പാളില്‍ നിന്ന് സഞ്ചാരികളായെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴി അഞ്ചിലേറെ തീവ്രവാദികളുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഒരു മരത്തിന് സമീപം നില്ക്കുമ്പോള് ഭീകരവാദികളില്‍ ഒരാള്‍ തങ്ങളെ സമീപിച്ച് വ്യക്തി വിവരങ്ങള്‍ ചോദിച്ചു. തുടര്‍ന്ന് ഒരാളെ കൊലപ്പെടുത്തി. അതേ സമയം തന്നെ പ്രധാന വിനോദസഞ്ചാര മേഖലയില്‍ നിന്ന് വെടിവെപ്പ് കേട്ടു. ഇവര്‍ പറയുന്നതനുസരിച്ച് കൂടുതല്‍ ഭീകരവാദികളുണ്ടാകാമെന്ന് അവരുമായി സംസാരിച്ച ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ബൈസരണ്‍ താഴ്വരയ്ക്ക് തൊട്ടുപുറത്ത് രണ്ട് പേര് കൊല്ലപ്പെട്ടതായും ജോടികളായി പ്രവര്‍ത്തിക്കുന്ന മറ്റു തീവ്രവാദികള്‍ താഴ്വരയിലെ തന്നെ ഇരകളെ ലക്ഷ്യമിട്ടുവെന്നുമുള്ള സൂചനകളാണ് ലഭിക്കുന്നത്.സാക്ഷിമൊഴികളുടെയും പ്രാഥമിക കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ അഞ്ചിലധികം പേര് ഉണ്ടെന്ന ദിശയിലേക്കാണ് അന്വേഷണം പോകുന്നത്.
ഭീകരാക്രമണത്തില്‍ പങ്കെടുത്ത അഞ്ച് പേരില്‍ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന് തോക്കര്‍ എന്നി തദ്ദേശീയരായ യുവാക്കളെ തിരിച്ചറിഞ്ഞു. ലഷ്കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകരാണ്. പാകിസ്താനില്‍ വെച്ച് ആസിഫിന് പരിശീലനം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ആസിഫ് മൂന്ന് വര്‍ഷമായി ഇവിടെയില്ലെന്ന് നാട്ടുകാര്‍ പറയുന്നത്. ആദില്‍ ഹുസൈന് തോക്കര്‍ 2018ല്‍ വീടുവിട്ടു പോയെന്ന് മാതാവ് പറഞ്ഞു. പഹല്‍ഗാമില്‍ മരിച്ചുവീണത് തങ്ങളുടെ സഹോദരങ്ങളാണെന്നും തന്റെ മകന് ആക്രമണത്തില്‍ പങ്കുണ്ടെങ്കില്‍ വധശിക്ഷ തന്നെ നല്‍കണമെന്നും അവര്‍ പറഞ്ഞു.

