ഹോട്ടൽ ശുചിമുറി 6 മിനിറ്റ് ഉപയോഗിച്ചതിന് 805 രൂപ ബില്ല്: ദുരനുഭവം പങ്കുവെച്ച് യുവതി; സംഭവം രാജസ്ഥാനിൽ

ഹോട്ടലിലെ ശുചിമുറി ഉപയോഗിച്ചതിന് 805 രൂപ ഈടാക്കിയ സംഭവത്തിൽ വ്യാപക വിമർശനം. രാജസ്ഥാനിലെ ഒരു ഹോട്ടലിലെ ശുചിമുറി വെറും ആറ് മിനിറ്റ് ഉപയോഗിച്ചതിന് തന്റെ അമ്മയിൽനിന്ന് 805 രൂപ ഈടാക്കിയെന്നാണ് യുവതി പറയുന്നത്. ദുരനുഭവം ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ചതോടെ പോസ്റ്റ് വൈറലായി.
യുവതിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്
‘ഞാനൊരു ശുചിമുറി ഉപയോഗിക്കാൻ 805 രൂപ നൽകി. അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഇന്നലെ ഞാൻ എൻ്റെ കുടുംബത്തോടൊപ്പം രാജസ്ഥാനിലെ ഖാട്ടു ശ്യാമിൽ പോയി. ക്ഷേത്രം സന്ദർശിക്കുക എന്നത് എൻ്റെ അമ്മയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. രാവിലെ ആറ് മണിക്ക് ഞങ്ങൾ ദർശനത്തിനായി ഹോട്ടലിൽനിന്ന് ഇറങ്ങി. ഏഴ് മണിയോടെ ക്യൂവിൽ എത്തി. ഞങ്ങൾ രണ്ട് മണിക്കൂർ ക്യൂ നിന്നു. പരാതികളൊന്നുമില്ല. ഞങ്ങൾ സാധാരണ ദർശന രീതി തിരഞ്ഞെടുത്തു. കാരണം എൻ്റെ അമ്മ പറയുന്നതുപോലെ, ‘ഭഗവാൻ്റെ വാതിൽക്കൽ എന്ത് വിഐപി? എല്ലാവരും ഒന്നാണ്.’
എന്നാൽ ഇതിനിടയിൽ, എൻ്റെ അമ്മയ്ക്ക് പെട്ടെന്ന് കടുത്ത അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ഓക്കാനം, വയറുവേദന, ഛർദ്ദിക്കാനുള്ള ശക്തമായ തോന്നൽ. ഞങ്ങൾ അമ്മയെ പരിചരിക്കുന്നതിനിടയിൽ അച്ഛൻ നിസ്സഹായനായി ഒരു ശുചിമുറിക്കായി ചുറ്റും നോക്കി. എന്നാൽ ഉപയോഗയോഗ്യമായ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ക്ഷേത്രപരിസരത്ത് ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിൽ ശുചിമുറികളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് പൊതു കുളിസ്ഥലങ്ങൾ ഉണ്ടായിരുന്നു.
പക്ഷേ ശരിയായ ശുചിമുറികൾ ഇല്ലായിരുന്നു. അമ്മയ്ക്ക് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. ഞങ്ങൾ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് ഓടിച്ചെന്ന് റിസപ്ഷനിലുള്ള ആളോട് അപേക്ഷിച്ചു, ഞങ്ങൾക്ക് മുറി വേണ്ട, ശുചിമുറി മാത്രം മതി, വെറും 5-10 മിനിറ്റിലേക്ക്. ദയവായി സഹകരിക്കണം. അയാൾ എൻ്റെ അമ്മയെ നോക്കി, എന്നിട്ട് പറഞ്ഞു, ശുചിമുറി ഉപയോഗിക്കാൻ 800 രൂപ. ഞങ്ങൾ ഞെട്ടിപ്പോയി. ഒരു സഹാനുഭൂതിയുമില്ല. ഒരു മടിയുമില്ല. ഞങ്ങളുടെ ഹോട്ടൽ ഏഴ് കിലോമീറ്റർ അകലെയാണെന്നും പണം കുറയ്ക്കണമെന്നും ഞങ്ങൾ സംസാരിച്ചുനോക്കി.
എന്നാൽ അയാൾ വഴങ്ങിയില്ല. ആ സമയത്ത് എൻ്റെ അമ്മയ്ക്ക് നിൽക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഞങ്ങൾക്ക് മറ്റ് വഴികളുണ്ടായിരുന്നില്ല. ഞങ്ങൾ പണം നൽകി. എൻ്റെ അച്ഛൻ ബില്ല് ചോദിച്ചപ്പോൾ അയാൾ ബഹളം വെക്കാൻ തുടങ്ങി. ആദ്യം അയാൾ പറഞ്ഞു, ‘ബില്ല് വിടൂ, 100 രൂപ കുറച്ചു തന്നാൽ മതി.’ എന്നാൽ അച്ഛൻ്റെ ആവശ്യപ്രകാരം അയാൾ മടിയോടെ ഞങ്ങൾക്ക് ബില്ല് തന്നു, 805 രൂപയുടെ, വെറും ആറ് മിനിറ്റ് ശുചിമുറി ഉപയോഗിച്ചതിന്.
ഞാനിത് സഹതാപം നേടാനല്ല എഴുതുന്നത്. വേദനയനുഭവിക്കുന്ന ഒരു സ്ത്രീയെ കണ്ടിട്ടും ഒരാൾക്ക് എങ്ങനെ അടിസ്ഥാന മനുഷ്യത്വത്തിന് വിലയിടാൻ കഴിയും? നമ്മൾ എന്തായിത്തീർന്നിരിക്കുന്നു? ഇത് സാധാരണ ഒരിടത്തല്ല സംഭവിച്ചത്, മറിച്ച് ഒരു ആത്മീയ കേന്ദ്രത്തിൻ്റെ പടിവാതിൽക്കലാണ്. സമാധാനവും ദയയും വിശ്വാസവും കണ്ടെത്താൻ നമ്മൾ പോകുന്ന ഒരിടം.
എന്നാൽ ഇന്നലെ ഞാൻ കണ്ടത് ഹൃദയഭേദകമായിരുന്നു. ഞങ്ങൾ പണം നൽകിയതുകൊണ്ടല്ല. മറിച്ച്, ഒരാൾ കഷ്ടപ്പാട് കണ്ടിട്ടും ആദ്യം പണം ലഭിക്കാൻ കാത്തിരുന്നു എന്നതുകൊണ്ടാണ്. മനുഷ്യരെന്ന നിലയിൽ നമ്മൾ ശരിക്കും പുരോഗമിക്കുകയാണോ? അതോ വഴിയിൽ നമ്മുടെ ആത്മാവ് നഷ്ടപ്പെടുകയാണോ?’ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ഹോട്ടലിൻ്റെ പ്രവൃത്തിയെ പല നെറ്റിസൺമാരും അപലപിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

