വെടിനിര്ത്തല് ലംഘനം തുടര്ന്ന് പാകിസ്താന്: ബങ്കറുകൾ സജ്ജം; ജാഗ്രതയിൽ ജനങ്ങൾ

രജൗരി: പഹൽഗാം ഭീകാരാക്രമണമത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ ബങ്കറുകളിൽ കഴിയുന്നതിനുള്ള തയാറെടുപ്പുകൾ സജ്ജമാക്കി ജനങ്ങൾ. ഷെല്ലിങുണ്ടായാൽ സുരക്ഷിതരാകാനാണ് ഗ്രാമങ്ങളിൽ സിവിലിയൻ ബങ്കറുകൾ സജ്ജമാക്കിയിരിക്കുന്നത്. ദിവസങ്ങളോളം ബങ്കറുകൾക്കുള്ളിൽ കഴിയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജനങ്ങൾ പറയുന്നു.
2017ലെ സർജിക്കൽ സ്ട്രൈക്കിന് ശേഷമാണ് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി സർക്കാർ തലത്തിൽ ബങ്കറുകൾ നിർമ്മിച്ചത്. കമ്യൂണിറ്റിക്കായും വ്യക്തികൾക്കായും രണ്ടുതരത്തിലുള്ള ബങ്കറുകളാണുള്ളത്. മോർച്ച എന്നാണ് ഗ്രാമവാസികൾ ബങ്കറുകളെ വിശേഷിപ്പിക്കുന്നത്. വെടിവെയ്പ്പ് ഉണ്ടായാൽ ഇവിടെയാണ് അഭയം തേടാറുള്ളതെന്ന് രജൗരിയിലെ ഒരു കമ്യൂണിറ്റി ബങ്കറിന്റെ ചുമതലയുള്ള ഗസാല ഫാത്തിമ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
അതിർത്തിയിലേക്ക് ഏകദേശം രണ്ടു കിലോമീറ്റർ മാത്രമാണുള്ളത്. പാകിസ്താൻ ഫയറിങ് റേഞ്ചിലാണ് ഗ്രാമമുള്ളത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാൽ ബങ്കറിലേക്ക് മാറാൻ അധികൃതർ അലർട് ചെയ്യും. ആർമിയുടെ സൈറൺ ലഭിക്കുന്ന ഉടൻ ജനങ്ങൾ ബങ്കറുകളിലേക്ക് മാറും. അതിനുള്ള പരിശീലനവും ജനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഫയറിങ് ഉണ്ടായാലും ഇവിടെയെല്ലാവരും സുരക്ഷിതരായിരിക്കും. ഒരാഴ്ചത്തേക്കുള്ള സാധനസാമഗ്രഹികൾ ബങ്കറുകളിൽ സജ്ജികരിച്ചതായും ഗസാല ഫാത്തിമ പറയുന്നു.
ഹപൽഗാം ഭീകരാക്രമണത്തിന് ശേഷം എല്ലാവരും ഭീതിയിലാണ്. ബങ്കറുകൾ നിർമ്മിക്കുന്നതിന് മുമ്പ് വെടിവെപ്പിൽ നിരവധിപേർ മരിച്ചിട്ടുണ്ട്. ഇപ്പോൾ ജനങ്ങൾ കൂടുതൽ സുരക്ഷിതരാണ്. സൈന്യത്തിന്റെ ഭാഗത്തുനിന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിധത്തിലുള്ള നടപടികളാണ് നടന്നുവരുന്നത്.

