മംഗ്ളൂരുവില്‍ നിരോധനാജ്ഞയ്ക്കിടയിലും അക്രമം; കുണ്ടിക്കാനിലും കണ്ണൂരിലും രണ്ടു പേരെ ആക്രമിച്ചു, സുഹാസ് ഷെട്ടി കൊലക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്ത്

മംഗ്ളൂരു: ബജ്റംഗ്ദൾ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംഘർഷാവസ്ഥ ഉടലെടുത്ത മംഗ്ളൂരുവിൽ രണ്ടിടത്ത് അക്രമം. രണ്ടു പേർക്ക് പരിക്കേറ്റു. ഇതേ തുടർന്ന് മംഗ്ളൂരുവിലും പരിസരങ്ങളിലും പൊലീസ് കർശന നിരീക്ഷണം തുടരുന്നു. കുണ്ടിക്കാനിൽ ഒരു കാറിലെത്തിയ അജ്ഞാത സംഘം മത്സ്യവ്യാപാരിയായ ഉള്ളാളിലെ ലുക്‌മാനെ അക്രമിക്കുകയായിരുന്നു.
അക്രമ സംഭവം നേരിൽ കണ്ട ഒരു സ്ത്രീ നിലവിളിച്ച് ആൾക്കാരുടെ ശ്രദ്ധ ക്ഷണിച്ചപ്പോൾ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ലുക്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ സ്ഥലത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ മംഗ്ളൂരു, കണ്ണൂരിൽ മീൻ മാർക്കറ്റിലേക്ക് പോകുന്നതിനിടയിൽ നൗഷാദ് എന്ന യുവാവാണ് അക്രമത്തിനു ഇരയായത്. മൂന്നു പേരാണ് ഇയാളെ ആക്രമിച്ചത്. രണ്ടു സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പൊലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം സുഹാസ് ഷെട്ടിയുടെ കൊലപാതകത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നഡ എം.പി ക്യാപ്റ്റൻ ബ്രിജേഷ് പന്നട്ട കേന്ദ്ര ആഭ്യന്തര മന്ത്രിക്കു കത്തയച്ചു. കൊലപാതകത്തിനു പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ച രാത്രിയിലാണ് കൊലക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്ന സുഹാസ് ഷെട്ടി ബജ്പെയിൽ വെട്ടേറ്റ് മരിച്ചത്.

