ആകാശയുദ്ധം, മിസൈൽ വർഷം: മൂന്ന് പാക് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു; രണ്ട് പൈലറ്റുമാർ പിടിയിൽ

ന്യൂഡൽഹി: പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും ലഹോറിലും കനത്ത വ്യോമാക്രമണം നടത്തി ഇന്ത്യ. പാക് ഭീകരത്താവളങ്ങളെ ഇല്ലാതാക്കിയ സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം.
പാക് ഭീകരതാവളങ്ങളെ തകർത്ത സിന്ദൂർ ഓപ്പറേഷന്റെ തുടർച്ചയായാണ് വ്യാഴാഴ്ച രാത്രി രാജ്യത്തെ സൈനികകേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമാക്കി പാകിസ്താൻ വ്യോമാക്രമണത്തിന് മുതിര്‍ന്നത്. എന്നാൽ, വ്യോമ പ്രതിരോധസംവിധാനം ഉപയോഗിച്ച് പാക് മിസൈലുകളും ഡ്രോണുകളും തകർത്തിട്ടു. ജമ്മുവിൽനിന്നാണ് യുദ്ധവിമാനങ്ങൾ പറന്നുയർന്നത്. ഇസ്ലാമാബാദിലും ലഹോറിലും ഇന്ത്യ കനത്ത വ്യോമാക്രമണമാണ് നടത്തിയത്. ഇതോടെ പാകിസ്താനിലെ പ്രധാനനഗരങ്ങൾ ഇരുട്ടിലായി. പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളും 50-ഓളം ഡ്രോണുകളും പത്തോളം മിസൈലുകളും തകർത്തു. രണ്ട് ചൈനീസ് നിർമിത ജെഎഫ് 17എസ്, എഫ് 16 യുദ്ധവിമാനങ്ങളാണ് തകര്‍ത്തത്. പാക് പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
പാക് ആക്രമണത്തിൽ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. അതിർത്തികടന്നുള്ള ആക്രമണത്തെത്തുടർന്ന് പ്രതിേരാധമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര ഉന്നതതലയോഗം ചേർന്നു. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനും മൂന്ന് സേനാമേധാവികളും പങ്കെടുത്തു. വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ ചർച്ച നടത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ജമ്മു-കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പാക് നീക്കം. ജമ്മു-കശ്മീരിലെ സത്ത് വാരി, സാമ്പ, ആർഎസ് പുര, അർണി എന്നിവിടങ്ങളെ ലക്ഷ്യംവെച്ച് പാക് തൊടുത്ത എട്ട് മിസൈലും തകർത്തു. മൂന്ന് സംസ്ഥാനങ്ങളില്‍ സൈറൺ മുഴങ്ങുകയും വെളിച്ചം അണയ്ക്കുകയും ചെയ്തു. ഇന്റർനെറ്റ്, തീവണ്ടി സർവീസ് എന്നിവ നിർത്തിവെച്ചു. 50-ലധികം ഡ്രോണുകളും മിസൈലുകളുമാണ് പാകിസ്താന് തൊടുത്തത്. എല്ലാം ഇന്ത്യൻസേന തകർത്തു.
അതിർത്തിയിൽ കനത്ത ഷെല്ലാക്രമണം
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയോടുചേർന്ന് പാകിസ്താൻ വെടിവെപ്പും ഷെല്ലാക്രമണവും തീവ്രമാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 16 ഇന്ത്യക്കാർ ഷെല്ലാക്രമണത്തിൽ മരിച്ചു. ഇവരിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളുമുണ്ട്.
കുപ്വാര, ബാരാമുള, ഉറി, അഖ്നൂർ പ്രദേശങ്ങളിലെ നിയന്ത്രണരേഖയിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കുനേരേ ഷെല്ലാക്രമണമുണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച പൂഞ്ച് ജില്ലയിലെ ഷെല്ലാക്രമണത്തിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.
അഹമ്മദാബാദ് കച്ഛിൽ പാക് അതിർത്തിയിൽ ഡ്രോണിന് സമാനമായ വസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ അകലെ ഖവഡ ഗ്രാമത്തിൽ ആളൊഴിഞ്ഞ സ്ഥലത്താണ് തകർന്ന് വീണ യന്ത്രഭാഗങ്ങൾ കണ്ടെത്തിയത്.
കച്ഛ് ജില്ലയിലെ ഭുജ് ഉൾപ്പെടെയുള്ള പട്ടണങ്ങളിൽ ബുധനാഴ്ച രാത്രിയിൽ വ്യോമാക്രമണത്തിനുള്ള പാകിസ്താൻശ്രമങ്ങളെ സൈന്യം നിർവീര്യമാക്കിയതായി കേന്ദ്രം അറിയിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെനിന്ന് ഭുജ് പട്ടണത്തിലേക്ക് 70 കിലോമീറ്ററോളം ദൂരമുണ്ട്. ഹൈവോള്‍ട്ടേജ് വൈദ്യുതിലൈനിന് താഴെയാണ് യന്ത്രഭാഗങ്ങൾ കണ്ടത്തിയത്. പോലീസ് ഇവ ഭുജിലെ എയർഫോഴ്സ് ബേസിലേക്ക് പരിശോധനയ്ക്കായി കൈമാറി.

