ഇന്റർനെറ്റില്ല, പൂർണമായും ഒറ്റപ്പെട്ട് വടക്കൻ ഗാസ: ലോകം പ്രതിഷേധിക്കണമെന്ന് ഹമാസ്

ഗാസാസിറ്റി: ഗാസ പൂർണമായും പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ കരയാക്രമണം തുടങ്ങിയ ഗാസാസിറ്റിയിൽ സ്ഥിതി അതിഗുരുതരം. കര-വ്യോമ ആക്രമണങ്ങളുടെ മരണപ്പെയ്ത്തിനിടെ സിറ്റിയുൾപ്പെടുന്ന വടക്കൻഗാസയിലുടനീളം മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ സഹായമഭ്യർഥിക്കാനോ ആശയവിനിമയത്തിനോ പറ്റാത്തവിധം ഇവിടത്തുകാർക്ക് പുറംലോകവുമായുള്ള ബന്ധം മുറിഞ്ഞു.
കരയുദ്ധം തുടങ്ങിയതിന്റെ മൂന്നാംദിനമായ വ്യാഴാഴ്ച ഗാസാസിറ്റിയുടെ കൂടുതൽ ഭാഗങ്ങളിൽ ഇസ്രയേലിന്റെ യുദ്ധടാങ്കുകളെത്തി. സിറ്റിയുടെ കിഴക്കൻമേഖല നേരത്തേ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സിറ്റിയുടെ ഹൃദയഭാഗത്തേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും സൈന്യം നടപടി വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടെൽ അൽ ഹവായിലും ശൈഖ് റദ്വാനിലും രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്നു. സിറ്റിയിലെ പത്തുലക്ഷംപേരെയും നിർബന്ധിച്ച് കുടിയിറക്കിയശേഷം ഹമാസുകാരുമായി നേരിട്ടേറ്റുമുട്ടുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. ഹമാസിന്റെ ശക്തികേന്ദ്രമായ ഗാസാസിറ്റിയിൽ 3000-4000 ഹമാസുകാരുണ്ടെന്നാണ് ആരോപണം. ബുധനാഴ്ച മാത്രമുണ്ടായ ആക്രമണങ്ങളിൽ സിറ്റിയിൽ 35 പേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ പോഷകാഹാരക്കുറവിനാലും നാലുമരണമുണ്ടായി.
അതിനിടെ, റിയൽ എസ്റ്റേറ്റിന് സാധ്യതയുള്ള വിളനിലമാണ് ഗാസയെന്ന് ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. ഗാസയെ എങ്ങനെ വിഭജിക്കാമെന്നകാര്യത്തിൽ താൻ യുഎസ് നേതൃത്വവുമായി സജീവ ചർച്ചനടത്തുന്നുണ്ടെന്നും പറഞ്ഞു. പലസ്തീൻകാരെ പുറത്താക്കി ഗാസയെ വിനോദഞ്ചാരകേന്ദ്രമാക്കാനുള്ള ‘ഗാസാ പുനർനിർമാണ പദ്ധതി’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ചിരുന്നു.
അതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനും ഉപരോധം പിൻവലിപ്പിച്ച് പ്രദേശത്തെ പട്ടിണിയിൽനിന്ന് രക്ഷിക്കാനും ലക്ഷ്യമിട്ട് പലസ്തീനെ പിന്തുണയ്ക്കുന്ന സ്വതന്ത്രചിന്തകരായ ലോകത്തെ എല്ലാമനുഷ്യരും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഗോളതലത്തിൽ പ്രതിഷേധിക്കണമെന്ന് ഹമാസ് ആഹ്വാനംചെയ്തു. കഴിഞ്ഞ നവംബർമുതൽ വെടിനിർത്തൽ നിലവിലുള്ള ലെബനന്റെ തെക്കൻമേഖലയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കി. ഇവിടത്തെ മൂന്നുമേഖലകളിലുള്ളവരോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചിരുന്നു. ഗാസയിൽ ആകെ മരണം 65,141 ആയി.

