ഗസ്സ വംശഹത്യയില്‍ പക്ഷപാതപരമായ റിപ്പോര്‍ട്ടിങ്: ന്യൂയോര്‍ക്ക് ടൈംസ് ബഹിഷ്കരിച്ച് 150 എഴുത്തുകാര്‍

ന്യുയോർക്ക്: ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യയെ കുറിച്ച് പക്ഷപാതപരമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ന്യൂയോർക്ക് ടൈംസ് ബഹിഷ്കരിക്കാൻ തീരുമാനിച്ച് 150ല്‍ കൂടുതല്‍ എഴുത്തുകാർ.
പൂർണമായും ഇസ്രായേല്‍ അനുകൂലമായ റിപ്പോർട്ടുകളാണ് പത്രം പ്രസിദ്ധീകരിച്ചതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പത്രത്തില്‍ എഴുതേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും എഴുത്തുകാരെ ഉദ്ധരിച്ച് ‘മിഡില്‍ ഈസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്തു.
ഫലസ്തീൻ വിരുദ്ധ നിലപാട് പുനഃപരിശോധിക്കണമെന്നും ഫലസ്തീൻ വിഷയം റിപ്പോർട്ട് ചെയ്യുന്നതില്‍ പുതിയ എഡിറ്റോറിയല്‍ മാനദണ്ഡം തയ്യാറാക്കണമെന്നും എഴുത്തുകാർ ‘ന്യൂയോർക്ക് ടൈംസ്’ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. ഇസ്രായേലിനെതിരെ യുഎസ് ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന് ന്യൂയോർക്ക് ടൈംസിന്റെ എഡിറ്റോറിയല്‍ ആവശ്യപ്പെടണമെന്നും എഴുത്തുകാർ ആവശ്യപ്പെട്ടു.
”ന്യൂയോർക്ക് ടൈംസ് അതിന്റെ പക്ഷപാതപരമായ കവറേജിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഗസ്സക്ക് എതിരായ യു.എസ്്- ഇസ്രായേല്‍ ആക്രമണത്തെ കുറിച്ച് സത്യസന്ധവും ധാർമികവുമായ റിപ്പോർട്ടിങ് നടത്താൻ തയ്യാറാവുകയും വേണം. അല്ലെങ്കില്‍ ഇത് വംശഹത്യ തുടരാനുള്ള അനുമതിയായി കണക്കാക്കേണ്ടിവരും. ഞങ്ങളുടെ സഹകരണം നിർത്തിവെച്ചുകൊണ്ട് മാത്രം ടൈംസ് വളരെക്കാലമായി അമേരിക്കയുടെയും ഇസ്രായേലിന്റെയും നുണകള്‍ മറച്ചുവെക്കാൻ ഉപയോഗിക്കുന്ന ആധിപത്യ അധികാരത്തിനെതിരെ ഫലപ്രദമായ വെല്ലുവിളി ഉയർത്താൻ കഴിയൂ”- എഴുത്തുകാർ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
റീമ ഹസൻ, ചെല്‍സി മാനിങ്, റാഷിദ തലൈബ്, സാലി റൂണി, എലിയ സുലൈമാൻ, ഗ്രെറ്റ തുൻബർഗ്, ഡേവ് സിറിൻ തുടങ്ങിയ പ്രമുഖ ആക്ടിവിസ്റ്റുകളും കലാകാരൻമാരും രാഷ്ട്രീയ നേതാക്കളുമാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

