എസ്ഐആറും തദ്ദേശതിരഞ്ഞെടുപ്പും ഒരേസമയം: ഭരണം സ്തംഭിക്കും; കേരളം സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആർ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ സമീപിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എസ്ഐആർ നടപടികള്‍ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളത്തില്‍ നിലവില്‍ തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുകയാണ്. ഡിസംബര്‍ 21-ന് അകം തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരം ഏല്‍ക്കേണ്ടതുണ്ട്. ഇത് ഭരണഘടനപരമായ ബാധ്യതയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി 1,76,000 ജീവനക്കാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ സുരക്ഷയ്ക്കായി പോലീസ് ഉള്‍പ്പടെ 68,000 ജീവനക്കാരെയും വ്യന്യസിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തില്‍ നടക്കുന്ന എസ്ഐആർ നടപടികള്‍ക്കായി 25,668 ജീവനക്കാരെ ആവശ്യമാണ്. ഫലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരുമിച്ച് നടത്തിയാല്‍ കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാകുമെന്നാണ് ചീഫ് സെക്രട്ടറി ഡോ. ജയതിലക് സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. തിടുക്കപ്പെട്ട് എസ്ഐആർ നടപ്പാക്കിയാല്‍ അതില്‍ വ്യാപകമായ തെറ്റുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ചീഫ് സെക്രട്ടറിക്കുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശിയാണ് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ചെയ്തത്.

