അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയ കേസ്; ദൃഷാനയ്ക്ക് ഇൻഷുറൻസ് കമ്പനി 1.15 കോടി രൂപ നൽകണമെന്ന് കോടതി

വടകര: കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. ദൃഷാനയ്ക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധി. വടകര എംഎസിടി കോടതിയാണ് കേസ് തീർപ്പാക്കിയത്. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്.
2024 ഫെബ്രുവരി 17-ന് രാത്രിയിൽ ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയും (62) പേരമകൾ ദൃഷാനയെയും (ഒൻപത്) കാറിടിച്ചത്. അപകടത്തിൽ ബേബി മരിച്ചു. ദൃഷാന ഒരുവർഷമായി അബോധാവസ്ഥയിലണ്.
അപകടത്തിനുശേഷം നിർത്താതെപോയ കാർ പത്തുമാസത്തിനുശേഷം ഡിസംബറിൽ ക്രൈംബ്രാഞ്ച് കണ്ടെത്തി. ആയിരക്കണക്കിന് കാറുകളും നൂറുകണക്കിന് വർക്ക്‌ഷോപ്പുകളും പരിശോധിച്ചശേഷമാണ് യഥാർഥകാറിലേക്ക് അന്വേഷണമെത്തിയത്. എന്നാൽ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഏഴ് മാസമായിട്ടും കുടുംബത്തിന് അപകട ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നില്ല.

