നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം; ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 67,004 കോടി

ന്യൂഡൽഹി: ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് 67,004 കോടി രൂപ. പൊതുമേഖലാ ബാങ്കുകളിൽ 58,331 കോടി രൂപയും സ്വകാര്യബാങ്കുകളിൽ 8673 കോടി രൂപയുമാണുള്ളത്. എസ്ബിഐയിലാണ് കൂടുതൽ തുകയുള്ളത്, 19,330 കോടി. പഞ്ചാബ് നാഷണൽ ബാങ്കിൽ 6911 കോടിയും കനറാ ബാങ്കിൽ 6278 കോടിയും കെട്ടിക്കിടക്കുന്നു.
സ്വകാര്യബാങ്കുകളിൽ ഐസിഐസിഐ (2063 കോടി), എച്ച്ഡിഎഫ്സി (1610 കോടി), ആക്സിസ് ബാങ്ക് (1360 കോടി) എന്നീ ബാങ്കുകളിലാണ് കൂടുതൽ തുക കെട്ടിക്കിടക്കുന്നത്.
ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയെ അറിയിച്ചതാണിക്കാര്യം. 10 വർഷമായി നിർജീവമായിക്കിടക്കുന്ന സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ പണവും കാലാവധി പൂർത്തിയായിട്ടും അവകാശികൾ എത്താതെ 10 വർഷമായി കിടക്കുന്ന പണവും ഉൾപ്പെടെയാണിത്. ഇത്തരത്തിൽ കെട്ടിക്കിടന്ന 9456 കോടി രൂപ റിസർവ് ബാങ്കിന്റെ നിർദേശപ്രകാരം ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന പ്രചാരണപരിപാടികളിലൂടെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പൊതുമേഖലാ ബാങ്കുകൾ ഉടമസ്ഥർക്ക് തിരിച്ചുനൽകി. സ്വകാര്യബാങ്കുകൾ 841 കോടി രൂപ തിരിച്ചുനൽകി.

